പ്രവാസിയുടെ വിമാനയാത്രാ ദുരിതം: പരിഗണിക്കാതെ കേന്ദ്രം

Gulf News GCC

ദുബൈ: പരാതികള്‍ക്കും പരിഭവങ്ങള്‍ക്കും തെല്ലുപോലും പരിഗണനയില്ല. പ്രവാസിക്ക് കഞ്ഞി കുമ്പിളില്‍ തന്നെ. കുതിച്ചുയരുന്ന വിമാന യാത്രാ നിരക്കില്‍ ഇടപെടാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഉത്സവ സീസണോടടുപ്പിച്ചും അല്ലാതെയും ഇന്ത്യയിലേക്കും വിശിഷ്യാ കേരളത്തിലേക്കും യാത്രാ നിരക്കുകള്‍ കുത്തനെ ഉയര്‍ത്തുന്നതിനെതിരേ കടുത്ത പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് അടൂര്‍ പ്രകാശ് എം പി നല്‍കിയ കത്തിന് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ഇടപെടാന്‍ സാധിക്കില്ലെന്ന് മറുപടി നല്‍കിയത്.

മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ദിവസം കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ചിരുന്നു. നിരക്ക് വര്‍ധനയ്ക്ക് കടിഞ്ഞാണിടുന്നതിനൊപ്പം ഓഗസ്റ്റ് 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ യു എ ഇയില്‍നിന്നു പ്രത്യേക ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചിരുന്നു. അവധിക്കാലത്തെ യാത്രാതിരക്കും വിമാന ഇന്ധന വിലയിലെ വര്‍ധനയും ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം ആവശ്യം നിരസിച്ചത്. ഓണം സീസണ്‍ അടുത്തിരിക്കെ അവധിയില്‍ പ്രവാസികള്‍ കൂട്ടമായി കേരളത്തിലേക്ക് വരാനിരിക്കെയാണ് വിമാന ടിക്കറ്റ് നിരക്കില്‍ വിമാന കമ്പനികള്‍ വന്‍ വര്‍ധന വരുത്തിയത്.