സിദ്ധാര്‍ഥന്‍റെ മരണം: സി ബി ഐക്ക് രേഖകള്‍ കൈമാറാന്‍ വൈകിയ സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്കു സസ്‌പെന്‍ഷന്‍

Kerala

തിരുവനന്തപുരം: വെറ്ററിനറി കോളജിലെ വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ഥന്റെ മരണം സംബന്ധിച്ച കേസ് സി ബി ഐക്ക് കൈമാറി വിജ്ഞാപനം ഇറക്കിയിട്ടും അനുബന്ധ രേഖകള്‍ കൈമാറാന്‍ വൈകിയ സംഭവത്തില്‍ മൂന്നു വനിതാ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനം. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. ആഭ്യന്തര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി, സെക്ഷന്‍ ഓഫിസര്‍, അസിസ്റ്റന്റ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. ആഭ്യന്തര സെക്രട്ടറി ഇവരോട് വിശദീകരണം ചോദിച്ചിരുന്നു. വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.

സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സി ബി ഐ അന്വേഷണത്തിനുള്ള വിജ്ഞാപനം ഈ മാസം 9 തീയതിയാണ് സര്‍ക്കാര്‍ ഇറക്കിയത്. എന്നാല്‍, പ്രോഫോമ റിപ്പോര്‍ട്ട് അഥവാ കേസിന്റെ മറ്റ് വിശദാംശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് നല്‍കിയിരുന്നില്ല. പ്രോഫോമ റിപ്പോര്‍ട്ട് വൈകിയെങ്കില്‍ അതിന് ഉത്തരവാദി ആരെന്ന് കണ്ടെത്തണമെന്ന് ആഭ്യന്തര സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായത്. ഒമ്പതിന് കൈമാറേണ്ട രേഖകള്‍ 16ാം തീയതാണ് കൈമാറിയത്. രേഖകള്‍ കൈമാറാന്‍ വൈകിയ കാരണം താഴെതട്ടിലുള്ള ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നില്ലെന്നാണ് അധികൃതരുടെ വിശദീകരണം.

സിബിഐ അന്വേഷണം സര്‍ക്കാര്‍ വൈകിപ്പിക്കുന്നു എന്ന് സിദ്ധാര്‍ഥന്റെ കുടുംബം ആരോപിച്ചതിനു പിന്നാലെ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ അടങ്ങിയ രേഖകള്‍ സിബിഐക്ക് കൈമാറിയിട്ടില്ലെന്ന വിവരവും പുറത്തുവന്നു. രേഖകള്‍ ലഭിക്കാത്തതിനാല്‍ സിബിഐക്ക് അന്വേഷണ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. ഇതുസംബന്ധിച്ച് സിദ്ധാര്‍ത്ഥിന്റെ കുടുംബം പരാതി ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി.