രാഹുല്‍ ഗാന്ധിയെ രാഷ്ട്രീയമായി ഉന്മൂലനം ചെയ്യാമെന്നത് ബി ജെ പിയുടെ വ്യാമോഹം: ടി സിദ്ധീഖ് എം എല്‍ എ

News

കല്പറ്റ: ഐതിഹാസിക ഭാരത് ജോഡോ യാത്രയുടെ വിജയത്തില്‍ വിറളിപൂണ്ട ഫാസിസ്റ്റ് ശക്തികള്‍ രാഹുല്‍ ഗാന്ധിയെ രാഷ്ട്രീയമായി ഉന്മൂലനം ചെയ്യാന്‍ നടത്തുന്ന നെറികെട്ട ശ്രമങ്ങളുടെ ഭാഗമായാണ് അപകീര്‍ത്തി കേസും കോടതി വിധിയും പാര്‍ലമെന്റിലെ അയോഗ്യതയുമെന്ന് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് എം എല്‍ എ. കല്പറ്റയില്‍ ഡി സി സി നടത്തിയ പ്രതിഷേധ പ്രകടന സമാപന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുല്‍ ഗാന്ധിയുടെ എം പി സ്ഥാനം റദ്ദാക്കിയ വിധിക്കെതിരെ നല്‍കിയ അപ്പീല്‍ ഗുജറാത്ത് ഹൈക്കോടതി തള്ളിയതില്‍ അത്ഭുതപ്പെടാനില്ല. ഗുജറാത്തിലെ മുഴുവന്‍ കോടതികളും രാഹുല്‍ ഗാന്ധിക്കെതിരെ വിധി പ്രസ്താവിക്കുമെന്ന് ഇന്ത്യാമഹാരാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും നന്നായറിയാവുന്നതാണ്. ബി ജെ പിക്കെതിരെ ശബ്ദമുയര്‍ത്തുന്ന ആരെയും ഇല്ലായ്മ ചെയ്യാനുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് കോടതി വിധി. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന മോദിക്കെതിരെ ഭാരതത്തിലാകമാനം രാഹുല്‍ ഗാന്ധിയിലൂടെ കോണ്‍ഗ്രസ് ഉയര്‍ത്തെഴുന്നേല്‍ക്കുന്നത് ബി ജെ പിക്കും ആര്‍ എസ് എസിനും സഹിക്കാന്‍ കഴിയുന്നതിലപ്പുറമാണ്.

രണ്ട് മാസമായി ഇന്ത്യാ രാജ്യത്തെ ഒരു സംസ്ഥാനത്ത് നടക്കുന്ന വര്‍ഗ്ഗീയ കലാപം അമര്‍ച്ച ചെയ്യാന്‍ കഴിയാത്ത ഭരണാധികാരികളാണ് മണിപ്പൂര്‍ ഭരിച്ച് കൊണ്ടിരിക്കുന്നത്. ഭരണ കര്‍ത്താക്കള്‍ക്ക് കടന്നു ചെല്ലാന്‍ പോലും കഴിയാത്ത കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് അവരെ ആശ്വസിപ്പിക്കാന്‍ കഴിഞ്ഞ ഒരേയൊരു നേതാവ് രാഹുല്‍ ഗാന്ധി മാത്രമാണ്. അദ്ദേഹത്തിന്റെ ജനസമ്മതി ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യവും ഈ കോടതി വിധിയുടെ ഭാഗമായിട്ടുണ്ട്. വായനാടിനെയും വായനാട്ടുക്കാരെയും സ്വന്തം കുടുംബവും കുടുംബാംഗങ്ങളുമാണെന്ന് ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധി ഫാസിസ്റ്റ് ഭരണകൂടത്തിന്റെ അയോഗ്യതാ തിട്ടൂരത്തിന് വഴങ്ങി കൊടുക്കില്ലെന്നും ടി സിദ്ധീഖ് എം എല്‍ എ പറഞ്ഞു.

യോഗത്തില്‍ ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ അധ്യക്ഷത വഹിച്ചു. പി പി ആലി, അഡ്വ. ടി ജെ ഐസക്ക്, വി എ മജീദ്, സംഷാദ് മരക്കാര്‍, ഒ വി അപ്പച്ചന്‍, എം എ ജോസഫ്, പി ശോഭനകുമാരി, ഗോകുല്‍ദാസ് കോട്ടയില്‍, പോള്‍സണ്‍ കൂവക്കല്‍, ഗിരീഷ് കല്പറ്റ, അഡ്വ. ഗൗതം ഗോകുല്‍ദാസ്, ഇ വി അബ്രഹാം, സി പി. പുഷ്പലത തുടങ്ങിയവര്‍ സംസാരിച്ചു.