അര്‍ഹരായവര്‍ക്കെല്ലാം സമയബന്ധിതമായി പട്ടയം

Kerala News

തിരുവനന്തപുരം: അര്‍ഹരായ മുഴുവന്‍ പേര്‍ക്കും സമയ ബന്ധിതമായി പട്ടയം നല്‍കാന്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് റവന്യുമന്ത്രി കെ രാജന്‍. പരിഹരിക്കപ്പെടേണ്ട സാങ്കേതിക പ്രശ്‌നങ്ങള്‍ വേഗത്തില്‍ തീര്‍പ്പാക്കി പരമാവധി പേര്‍ക്ക് പട്ടയം നല്‍കി ഭൂമിയുടെ അവകാശികളാക്കുകയെന്ന ലക്ഷ്യമാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുത്. റവന്യു, സര്‍വെ വകുപ്പുകളിലെ താലൂക്ക് തലം വരെയുള്ള ഓഫീസര്‍മാരുടെ തിരുവനന്തപുരം മേഖലാ യോഗം ഐ എം ജിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ലാന്‍ഡ് അസൈന്‍മെന്റ് കമ്മിറ്റികള്‍ യഥാസമയം യോഗം ചേരുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇക്കാര്യത്തിലുള്ള കാലാതാമസം പട്ടയ നടപടികളും അര്‍ഹരായവര്‍ക്ക് പട്ടയം നല്‍കുന്നതും വൈകുന്നതിന് ഇടയാക്കും. ലാന്‍ഡ്ട്രിബ്യൂണലുകളിലെ പട്ടയം സംബന്ധിച്ച വിഷയങ്ങളില്‍ പരിഹാരമായാല്‍ 20000 പേര്‍ക്ക് പട്ടയം നല്‍കാന്‍ കഴിയും. ദേവസ്വം പട്ടയം കൊടുക്കുമ്പോള്‍ ആധികാരികത പരിശോധിക്കണമെന്ന് മാത്രമാണ് കോടതി പറഞ്ഞിട്ടുള്ളത്. കോടതി നിര്‍ദ്ദേശമെന്ന് പറഞ്ഞ് ദേവസ്വം പട്ടയങ്ങളുടെ പ്രവര്‍ത്തനം നിറുത്തിവയ്ക്കരുത്. മലയോര മേഖലകളിലെയും ആദിവാസികളുടെയും പട്ടയം നല്‍കുന്നത് വേഗത്തിലാക്കണം.

പുറമ്പോക്ക് ഭൂമികളില്‍ പട്ടയനടപടികള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളുമായി ആശയവിനിമയം നടത്തി നടപടികള്‍ വേഗത്തിലാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ജനുവരി അവസാനത്തോടെ ഇ ഡിസ്ട്രിക്ട് പദ്ധതി മുഴുവന്‍ ജില്ലകളിലും പൂര്‍ത്തിയാക്കണം. റവന്യു സേവനങ്ങള്‍ ഇ സേവനങ്ങളാകുമ്പോള്‍, ഏറ്റവും സാധാരണക്കാരായ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ആകാതിരിക്കാനും ശ്രദ്ധിക്കണം. സാധാരണക്കാര്‍ക്ക് റവന്യു സേവനങ്ങള്‍ പരിശോധിക്കുന്നതിന് വില്ലേജ് തല ജനകീയ സമിതികള്‍ മുഖേന കുടുംബത്തിലെ ഒരാള്‍ക്കെങ്കിലും മൊബൈല്‍ ഫോണിലൂടെ റവന്യു ഇ സാക്ഷരത ഉറപ്പുവരുത്താനുള്ള പരിശീലനവും നല്‍കണം.

ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട നടപടികളില്‍ ജാഗ്രതയുണ്ടാകണം. ഭൂമി തരമാറ്റത്തിനുള്ള അറിയിപ്പുമായി ഏജന്‍സികളുടെ ബോര്‍ഡുകളും അറിയിപ്പുകളും പലയിടങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുള്ളത് ശ്രദ്ധയില്‍ വന്നിട്ടുണ്ട്. പല ഓഫീസുകളുടെ പരിസരത്തും ഇത്തരം ബോര്‍ഡുകളും സ്റ്റിക്കറുകളും വന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ കര്‍ശന നടപടികള്‍ ഉണ്ടാകും.

വലിയ ഉത്തരവാദിത്തപ്പെട്ട പ്രവര്‍ത്തനങ്ങളാണ് റവന്യു വകുപ്പ് നിര്‍വഹിക്കുന്നത്. ചെറിയയൊരു വിഭാഗത്തിന്റെ തെറ്റായ പ്രവര്‍ത്തനങ്ങള്‍ വ്യത്യസ്തമായ അഴിമതിയുടെ ഇടങ്ങളിലേക്ക് തള്ളിയിടാന്‍ കാരണമാകും. സംശുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കും പ്രയാസമുണ്ടാക്കും. ജനങ്ങളെ പൂര്‍ണമായി ബോധ്യപ്പെടുത്തി കേരളത്തെ സമ്പൂര്‍ണമായി ഡിജിറ്റലായി അളക്കുന്ന പരിവര്‍ത്തനത്തിന്റെ കാലത്താണ് ജോലി ചെയ്യുതെന്ന അഭിമാനത്തോടെയാകണം ജീവനക്കാരുടെ പ്രവര്‍ത്തനങ്ങളെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *