സി പി എം സെമിനാറില്‍ പങ്കെടുക്കണമോ എന്നത് അവര്‍ ക്ഷണിച്ചതിന് ശേഷം തീരുമാനിക്കും: പി കെ കുഞ്ഞാലിക്കുട്ടി

Kerala

കാഴിക്കോട്: ആര് സെമിനാര്‍ നടത്തുന്നു, ആര് പങ്കെടുക്കുന്നുവെന്നതല്ല ഏക സിവില്‍ കോഡിനെ പാര്‍ലമെന്ററുകളിലടക്കം യോജിച്ച് നിന്ന് പരാജയപ്പെടുത്തുകയെന്നതാണ് മുഖ്യ വിഷയമെന്ന് മുസ്ലിം ലീഗ് ദേശീയ ജന സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്ത കരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സിവില്‍ കോഡിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളില്‍ എല്ലാവരും പങ്കെടുത്ത് ബി.ജെ.പി ഗൂഢ താല്പര്യങ്ങളെ പരാജയപ്പെടുത്തുകയെന്നതാണ് ഇപ്പോള്‍ എല്ലാവരും ആലോചിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന സെമിനാറില്‍ ലീഗ് പങ്കെടുക്കണമോയെന്നത് അതിലേക്ക് ക്ഷണം കിട്ടിയാല്‍ തീരുമാനിക്കേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. സിവില്‍ കോഡിനെക്കുറിച്ച് തെരഞ്ഞെടുപ്പിന്റെ മുന്നേ ഒരു ചര്‍ച്ച ഉണ്ടാക്കുകയെന്നതു മാത്രമാണ് ബി.ജെ.പിയുടെ ഉദ്ദേശ്യമെന്നും ഇക്കാര്യത്തില്‍ അവര്‍ അവരുടെ ലക്ഷ്യം പൂര്‍ത്തീകരിച്ചതായും അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി പറഞ്ഞു.