മണിപ്പൂര്‍ കലാപം; മോദിയെ വിമര്‍ശിച്ച് താമരശ്ശേരി രൂപതാ അധ്യക്ഷന്‍ റെമീജിയസ് ഇഞ്ചനാനിയല്‍

Kozhikode

കോഴിക്കോട്: റബ്ബറിന് വില കൂട്ടിയാല്‍ വോട്ട് തരാമെന്ന ബി ജെ പി അനുകൂല പ്രസ്താവന നടത്തിയ തലശ്ശേരി അതിരൂപതാബിഷപ്പ് ജോസഫ് പ്ലാംപാനിയുടെ കീഴിലുള്ള താമരശ്ശേരി രൂപതാ അധ്യക്ഷന്‍ ഫാദര്‍ റെമീജിയസ് ഇഞ്ചനാനിയലും മണിപ്പൂര്‍ കലാപത്തില്‍ വിമര്‍ശനവുമായി രംഗത്ത്.

കലാപത്തില്‍ മൗനം പാലിക്കുന്ന മോദിയെയും പരസ്യമായി വിമര്‍ശിച്ച ഇദ്ദേഹത്തിന്റെ മാസങ്ങള്‍ക്ക് മുന്‍പുവരെ പലപ്പോഴും സംഘ്പരിവാര്‍ അനുകൂല പ്രസ്താവനകള്‍ പരോക്ഷമായും പ്രത്യക്ഷമയുമെല്ലാം നടത്തിയിരുന്നു. താമരശ്ശേരി രൂപത ഇറക്കിയ കൈപ്പുസ്തകത്തിലെ വിവാദ പരാമര്‍ശത്തിനെതിരെ മുസ്ലിം യുവജന സംഘടനകള്‍ പ്രതിഷേധവും നടത്തിയിരുന്നു.

മണിപ്പൂര്‍ കലാപം ഒരു വിഭാഗത്തെ ലക്ഷ്യം വെച്ച് ആസൂത്രണത്തോടെ നടത്തിയ നാടകമാണെന്ന് താമരശ്ശേരി ബിഷപ് റെമീജിയസ് ഇഞ്ചനാനിയില്‍ ഇന്നലെ കോഴിക്കോട്ട് അഭിപ്രായപ്പെട്ടത്. മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഉപവാസം നടത്തിയ എം കെ രാഘവന്‍ എം പിക്ക് നാരങ്ങാനീര് നല്‍കി ഉപവാസം അവസാനിപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 48 മണിക്കൂറിനുള്ളില്‍ 200 ദേവാലയങ്ങള്‍ അക്രമിക്കപ്പെട്ടത് ഈ ആസൂത്രണത്തിന്റെ തെളിവാണ്. വ്യക്തമായ തിരക്കഥയില്‍ തയ്യാറാക്കിയതാണിത്. ഭരണഘടന സ്വാതന്ത്ര്യം നല്കിയ ഭാരതത്തില്‍ ഇത്തരം കാര്യങ്ങള്‍ ആരും പ്രതീക്ഷിച്ചതല്ല.

ഈ സമയത്തും ഭരണാധികാരികള്‍ മൗനം പാലിക്കുന്നതും ഭീതി വര്‍ധിപ്പിക്കുകയാണ്. അക്രമം അകലെയല്ലെന്ന സൂചനയാണ് ഇത് നല്‍കുന്നത്. ഇന്ന് മണിപ്പൂരെങ്കില്‍ നാളെ കേരളം ആണ് എന്നതും മറക്കരുതെന്നും ജര്‍മന്‍ പാസ്റ്റര്‍ നിമോയ് ളറുടെ ലോക പ്രശസ്ത ഫാഷിസ്റ്റ് വിരുദ്ധ ഉദ്ധരണി വായിച്ചു കൊണ്ട് സദസ്സിനോടായി പറഞ്ഞു. ഒരുമിച്ച് നിന്ന് ഇതിനെതിരെ പോരാടണമെന്നും എം കെ രാഘവന്‍ എം പിയുടെ ഉപവാസം പോലുള്ളവ ഇതിനുള്ള പ്രചോദനവും പ്രത്യാശയും നല്കുന്നതാണെന്നും താമരശ്ശേരി ബിഷപ്പ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു. പാറോപ്പടി വികാരി ഷിബു കളരിക്കലും സംസാരിച്ചു.