കോഴിക്കോട്: നമ്മുടെ ചുറ്റും ചെകുത്താന്മാർ ഭീതിപ്പെടുത്തി വരുമ്പോൾ യഥാർത്ഥ ഗാന്ധിയെ ഉയർത്തിക്കാട്ടുവാൻ കോൺഗ്രസുകാർക്ക് കഴിഞ്ഞാൽ മറുഭാഗത്തുള്ളവർ ബോധം കെട്ടു വീഴുമെന്ന് പ്രശസ്ത ചെറുകഥാകൃത്ത് സുഭാഷ് ചന്ദ്രൻ. അങ്ങനെയൊരാൾ മറുവിഭാഗത്തിലില്ല എന്നുള്ളതുകൊണ്ടും ആ സമയത്ത് അവർ ബ്രിട്ടീഷുകാരുടെ ഷൂസും ചെരിപ്പും നക്കുകയായിരുന്നു എന്നതുകൊണ്ടുമാണത് അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് കടപ്പുറത്ത് സംഘടിപ്പിച്ച ത്രിവർണോത്സവത്തിൽ തൻ്റെ ‘ജ്ഞാനസ്നാനം ‘ എന്ന പുസ്തകത്തെക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഴുപതു ശതമാനം വരുന്ന വൈവിധ്യത്തിൻ്റെ ഇന്ത്യ ഒന്നിച്ചു നിന്നാൽ മറുഭാഗത്തുള്ളവർ കുറ്റിയും പറിച്ചു പോകുമെന്നാണ് നാം തിരിച്ചറിയേണ്ടത്. ഒരിക്കലും ഇല്ലാതാക്കുവാൻ സാധിക്കാത്ത ഇന്ത്യയുടെ നന്മയുടെ പ്രതീകമാണ് മഹാത്മാഗാന്ധി. അതുകൊണ്ടാണ് അദ്ദേഹത്തെക്കുറിച്ച് എഴുതണമെന്നെനിക്ക് തോന്നിയത്. ആര് ഇല്ലാതാക്കണമെന്ന് വിചാരിച്ച് ഇന്ത്യ ഒന്നാകെ വറ്റിച്ചാലും അവസാനം അതിൽ നിന്നും ഗാന്ധിജി ഉയർന്നുവരും.
ഗാന്ധിജി ഒരു ഋഷിയായിരുന്നു. അതുകൊണ്ടാണ് എല്ലാവരും പശുവിൻ പാൽ കുടിച്ചപ്പോൾ എനിക്ക് ആട്ടിൻ പാൽ മതിയെന്ന് അദ്ദേഹം തീരുമാനിച്ചത്. കാരണം വരും കാലത്ത് ‘മഹാത്മാ പാൽ കുടിച്ച പശുവെന്ന് ‘ പറഞ്ഞ് പലരും ബഹളമുണ്ടാക്കുമെന്ന തിരിച്ചറിവു കൊണ്ടായിരുന്നു അത്. പത്ത് വർഷമെടുത്തെഴുതിയ ഈ കഥ, നാല് വർഷം കഴിഞ്ഞാണ് പ്രസിദ്ധീകരിച്ച തെന്നും സുഭാഷ് ചന്ദ്രൻ പറഞ്ഞു.
എത്ര അഴുക്കായാലും ഉപ്പിൻ്റെ വെണ്മ തന്നെയാണ് ഖദറിനെന്നും കോൺഗ്രസുണ്ടാക്കിയ മഹത്തുക്കളുടെ നന്മ കൊണ്ടാണത് ഇപ്പോഴും തുടർന്നു പോകുന്നതെന്നും കോൺഗ്രസിൻ്റെ പ്രത്യേകത ഇതാണെന്നും അദ്ദേഹം പറഞ്ഞു.
ഈ കാലഘട്ടമിങ്ങനെ തുടർന്നുപോവുകയാണെങ്കിൽ പാഠപുസ്തകങ്ങളിലൂടെ പോലും കുട്ടികളുടെ മനസ്സിലേക്ക് ഗാന്ധിജി ഒരു നെഗറ്റീവ് കഥാപാത്രമായി വരാൻ അധികം താമസമുണ്ടാവില്ലെന്ന് ചടങ്ങിൽ സംസാരിച്ച നോവലിസ്റ്റ് കെ.വി.മോഹൻ കുമാർ പറഞ്ഞു. സുഭാഷ് ചന്ദ്രൻ 30 വർഷം മുൻപെഴുതിയ റിപ്പബ്ലിക് എന്ന കഥയിൽ ഒരു പ്രവചന രൂപേണ അത് പറഞ്ഞിട്ടുണ്ട്. ഗാന്ധിജിയുടെ മഹത്വം മനോഹരമായി അവതരിപ്പിച്ച കൃതിയാണ് ജ്ഞാന സ്‌നാനമെന്നും അദ്ദേഹം പറഞ്ഞു.
മതമെന്ന തീർത്തും വ്യക്തിപരമായ ഭരണഘടന നല്കിയ സ്വാതന്ത്ര്യമാണ് വഖഫ് ബിൽ ഭേദഗതിയോടെ നമ്മുടെ ഇന്ത്യയിൽ തകർന്നതെന്ന് മുൻ കെ.എസ് ശബരീനാഥ് പറഞ്ഞു.
പ്രമേയത്തിൻ്റെ ശക്തിയെടുത്തു പരിശോധിക്കുകയാണെങ്കിൽ എമ്പുരാനെക്കാൾ ഏറെ വിവാദങ്ങളും ബഹളവുമുണ്ടാക്കണ്ടതാണ് സുഭാഷ് ചന്ദ്രൻ്റെ ജ്ഞാനസ്നാനവും അതിലെ അമോദിയെന്ന കഥയും. പക്ഷെ മറുവിഭാഗം ഈ കൃതി വായിച്ചിട്ടുണ്ടാവില്ലെന്ന് ശബരീനാഥ് പരിഹസിച്ചു.
ഗാന്ധിജിയെ മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവരല്ലൊം പ്രത്യേകിച്ച് കോൺഗ്രസുകാർ മനസ്സിരുത്തി വായിക്കേണ്ട കൃതിയാണ് ജ്ഞാന സ്നാനമെന്ന് ചർച്ചയിൽ മോഡറേറ്ററായിരുന്ന കെ.പി.സി.സി ജനറൽ സെക്രട്ടറി പഴംകുളം മധു പറഞ്ഞു. ഗാന്ധിയിൽ സുഭാഷ് ചന്ദ്രൻ സ്നാനം ചെയ്തെടുത്ത കൃതിയാണ് ജ്ഞാന സ്നാനമെന്ന് ആർ. എസ്. പണിക്കർ പറഞ്ഞു.
ഡി. സി. സി പ്രസിഡൻ്റ്റ് കെ. പ്രവീൺ കുമാർ ആമുഖഭാഷണം നടത്തി. പി.കെ. രാഗേഷ് സ്വാഗതവും എൻ.വി. ബാബുരാജ് നന്ദിയും പറഞ്ഞു.