കുടുംബ സംവിധാനങ്ങളെ തകര്‍ക്കുന്നവരെ സമൂഹം കരുതിയിരിക്കണം: വിസ്ഡം ചെറുവണ്ണൂര്‍

Kozhikode

ചെറുവണ്ണൂര്‍: വര്‍ദ്ധിച്ചുവരുന്ന ലിബറലിസവും മതനിരാസവും കുടുംബ സംവിധാനങ്ങളെ തകര്‍ക്കുന്നുവെന്ന് വിസ്ഡം ചെറുവണ്ണൂര്‍ ഫാമിലി മീറ്റ് അഭിപ്രായപ്പെട്ടു. ഇത്തരം പ്രവണതകള്‍ക്കെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. സംഗമത്തില്‍ പീസ് റേഡിയോ സി ഇ ഒ പ്രൊഫസര്‍ ഹാരിസ് ബിന്‍ സലീമിന്‍റെ നേതൃത്വത്തില്‍ ഫാമിലി കൗണ്‍സിലിംഗ് ക്ലാസ് നടന്നു. ലഹരിക്കും അധാര്‍മിക പ്രവണതകള്‍ക്കും എതിരെ ഒരു മാസക്കാലം നീണ്ടുനിന്ന ബോധവല്‍ക്കരണ ക്യാമ്പയിന്‍റെ സമാപനമായാണ് കുടുംബ സംഗമം സംഘടിപ്പിച്ചത്. പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങള്‍ പങ്കെടുത്ത പരിപാടിയില്‍ സംശയനിവാരണ സെഷനും കുട്ടികള്‍ക്കായി കൗതുക കൂട്ടം പരിപാടിയും സംഘടിപ്പിച്ചു.

റിയാസ് ചെറുവണ്ണൂര്‍ അധ്യക്ഷത വഹിച്ച പരിപാടി വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ബേപ്പൂര്‍ മണ്ഡലം പ്രസിഡന്‍റ് സാദിഖ് അരീക്കാട് ഉദ്ഘാടനം ചെയ്തു. വിസ്ഡം ഓര്‍ഗനൈസേഷന്‍ ചെറുവണ്ണൂര്‍ യൂണിറ്റ് പ്രസിഡന്‍റ് വി അഹമ്മദ് കോയ, വിസ്ഡം യൂത്ത് യൂണിറ്റ് പ്രസിഡന്‍റ് നിര്‍ജീഷ് അബ്ദുല്‍ ഖാദര്‍, വിസ്ഡം സ്റ്റുഡന്‍സ് യൂണിറ്റ് പ്രസിഡന്‍റ് ഹാദി മൊയ്തു, വിസ്ഡം സ്റ്റുഡന്‍സ് യൂണിറ്റ് സെക്രട്ടറി മുഹമ്മദ് അക്‌സല്‍ തുടങ്ങിയവര്‍ സംഗമത്തിന് നേതൃത്വം നല്‍കി.