തിരുവനന്തപുരം: തിരുവിതാംകൂര്‍ രാജഭരണത്തിന്റെ അവസാന വര്‍ഷങ്ങള്‍ അടിച്ചമര്‍ത്തലിന് കുപ്രസിദ്ധമായിരുന്നെങ്കിലും ആ കാലഘട്ടം വ്യാവസായിക പുരോഗതിയുടെയും അടിസ്ഥാന സൗകര്യവികസനത്തിന്റെയും നാളുകളായിരുന്നുവെന്ന് ഡോ. ശശി തരൂര്‍ എം പി പറഞ്ഞു. മധുരൈ കാമരാജ് സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഹിസ്‌റ്റോറിക്കല്‍ സ്റ്റഡീസ് മുന്‍ ചെയര്‍പേഴ്‌സണ്‍ ആയിരുന്ന പ്രൊഫ ഡി ഡാനിയേല്‍ എഴുതിയ ആന്റി മോണാര്‍ക്കിക്കല്‍ കോണ്‍ഫ്‌ളിക്ട് ഇന്‍ കേരള 19311947 എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു ഡോ. തരൂര്‍.
ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവിന്റെ ഭരണകാലഘട്ടം വളരെ സൂക്ഷ്മമായി പരിശോധിക്കുന്ന പുസ്തകം രാജാവും ദിവാന്‍ സര്‍ സി പി രാമസ്വാമി അയ്യരുമായുള്ള ബന്ധത്തെക്കുറിച്ചും വിശകലനം ചെയ്യുന്നുണ്ട്. തിരുവിതാംകൂര്‍ സ്‌റ്റേറ്റ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഉയര്‍ന്നു വന്ന ദേശീയതയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉദയവും ഈ കാലഘട്ടത്തിലാണുണ്ടായത്. ചീഫ് സെക്രട്ടറി ഡോ. വേണു വി പുസ്തകം ഏറ്റുവാങ്ങി.
തിരുവിതാംകൂര്‍ രാജഭരണത്തിന്റെ അവസാന നാളുകളില്‍ നമ്മുടെ നാട്ടിലുണ്ടായ അതിക്രമങ്ങളുടെ വാര്‍ഷികവും അതിനെതിരെ പൊരുതിയ നായകന്‍മാരുടെ അനുസ്മരണവുമെല്ലാം ആചരിക്കാറുണ്ട്. പക്ഷെ ശ്രീ ചിത്തിര തിരുനാളും അദ്ദേഹത്തിന്റെ ദിവാന്‍ സി പി രാമസ്വാമി അയ്യരും കേരളത്തിന്റെ വ്യാവസായിക പുരോഗതിയ്ക്ക് നല്‍കിയ സംഭാവനകള്‍ക്ക് അല്‍പം കയ്യടി നല്‍കാമെന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടി.
രാജാവും ദിവാനും ചെയ്ത പല അഭൂതപൂര്‍വമായ കാര്യങ്ങളുടെയും ഗുണഫലം ഇന്നും തിരുവിതാംകൂറിലെ ജനങ്ങള്‍ അനുഭവിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അക്കാലത്തെ ജാതി, മതം, വര്‍ണവിവേചനം എന്നിവയെക്കുറിച്ച് സൂക്ഷ്മമായി പഠിച്ച് അവതരിപ്പിച്ച ഡോ. ഡാനിയേല്‍ പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നുവെന്നും തരൂര്‍ പറഞ്ഞു.
സ്വയം ഭരണത്തിന് ഒരിക്കലും പകരമാകില്ല സദ്ഭരണമെന്ന് ഡോ. വേണു വി ഓര്‍മ്മിപ്പിച്ചു. സര്‍ സി പി ചെയ്തതും രാജഭരണം അനുവദിച്ചതുമായ മികച്ച കാര്യങ്ങളൊന്നും ജനങ്ങളാല്‍ ഭരിക്കപ്പെടാനുള്ള അവകാശത്തിന് മുകളില്‍ നില്‍ക്കുന്നില്ല. രാജഭരണം ചെയ്ത നല്ലകാര്യങ്ങളെല്ലാം ഇന്നും നില്‍നില്‍ക്കുന്നതാണെങ്കിലും അന്ന് നടന്ന സമരങ്ങള്‍ക്കെതിരെ പറയാന്‍ പോലും പറ്റാത്ത രൂക്ഷമായ നടപടികള്‍ ഈ പുസ്തകത്തിന്റെ കേന്ദ്രബിന്ദുവാണ്. ആഴത്തിലുള്ള ഗവേഷണത്തിന്റെ ഫലമായാണ് ഈ പുസ്തകം ഡോ. ഡാനിയേല്‍ രചിച്ചത്. ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് ചരിത്രത്തെ ശരിയായി മനസിലാക്കാന്‍ ഇതൊരു മുതല്‍ക്കൂട്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുസ്തകം പ്രതിപാദിക്കുന്ന കാലഘട്ടത്തിന്റെ നിമിഷ വര്‍ണനകള്‍ കൊണ്ടു തന്നെ ഇതെഴുതാന്‍ ലഭിച്ച സ്രോതസ്സുകളുടെ ആഴവും പരപ്പും മനസിലാകുന്നുവെന്ന് പുസ്തക പരിചയം നടത്തിയ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം ജി രാധാകൃഷ്ണന്‍ പറഞ്ഞു.
കേരള സര്‍വകലാശാല ചരിത്രവിഭാഗം മേധാവി ഡോ. ഷാജി അനിരുദ്ധന്‍ അധ്യക്ഷനായിരുന്നു. പുസ്തകപ്രസാധകരായ ഫോളിയോയുടെ മേധാവി പി രവീന്ദ്രന്‍ നായര്‍ സ്വാഗതവും ഡോ. ഡാനിയേല്‍ കൃതജ്ഞതയും രേഖപ്പെടുത്തി.