പെരുന്നാളിന് സാധനങ്ങള്‍ വാങ്ങാന്‍ പോയ 47കാരന്‍ ബസിനും വൈദ്യുതി പോസ്റ്റിനുമിടയില്‍പ്പെട്ട് മരിച്ചു

Kozhikode

കോഴിക്കോട്: പെരുന്നാളിന് വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോയ 47കാരന്‍ ബസിനും വൈദ്യുതി പോസ്റ്റിനുമിടയില്‍പ്പെട്ട് മരിച്ചു. അത്താണിക്കലില്‍ താമസിക്കുന്ന ചാലിയം കപ്പലങ്ങാടി വൈരം വളപ്പില്‍ മുഹമ്മദലിയാണ് മരിച്ചത്. കാല്‍നട യാത്രക്കാരനായ ഇയാള്‍ സ്വകാര്യ ബസിനും വൈദ്യുതി പോസ്റ്റിനും ഇടയില്‍പ്പെട്ടാണ് മരിച്ചത്.

ബസില്‍ കയറാനായി ഫറോക്ക് ബസ് സ്റ്റാന്‍ഡിലേക്ക് പോകുകയായിരുന്ന മുഹമ്മദ് അലിയുടെ ദേഹത്ത് ബസ് തട്ടുകയും തുടര്‍ന്ന് ബസിനും വൈദ്യുത പോസ്റ്റിനുമിടയില്‍ കുടുങ്ങുകയുമായിരുന്നു. കോഴിക്കോട് പരപ്പനങ്ങാടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസാണ് മുഹമ്മദലിയുടെ ദേഹത്തിടിച്ചത്.

അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ മുഹമ്മദലിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.