മന്ത്രിമാര്‍ക്കെതിരായ വര്‍ഗീയ അധിക്ഷേപം: ഐ എന്‍ എല്‍ ഡി ജി പിക്ക് പരാതി നല്‍കി

Kerala News

വി അബ്ദുറഹ്മാന്‍റെ പേരില്‍ തന്നെ തീവ്രവാദിയുണ്ടെന്നും തങ്ങള്‍ വിചാരിച്ചാല്‍ അദ്ദേഹത്തെ പോലുള്ള ഏഴാംകൂലികള്‍ ഇവിടെ ഭരണം നടത്തില്ല എന്നമുള്ള പ്രസ്താവന കേരളീയ സമൂഹത്തെ ഒന്നാകെ നാണിപ്പിക്കുന്നതാണ്

കോഴിക്കോട്: മന്ത്രിമാരായ വി അബ്ദുറഹ്മാന്‍, അഹമദ് ദേവര്‍കോവില്‍ എന്നിവര്‍ക്കെതിരെ അങ്ങേയറ്റം മ്ലേച്ഛമായ വര്‍ഗീയ അധിക്ഷേപം നടത്തിയ വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഐ എന്‍ എല്‍ സംസ്ഥാന കമ്മിറ്റി ഡി ജി പിക്ക് പരാതി നല്‍കി.

സമൂഹത്തില്‍ മതവൈരം വളര്‍ത്താനും വിദ്വേഷാന്തരീക്ഷം സൃഷ്ടിക്കാനും ലക്ഷ്യമിട്ട് ഫാദര്‍ ഡിക്രൂസ് നടത്തിയ പരസ്യ പ്രസ്താവന കേട്ടില്ലെന്ന് നടിക്കാന്‍ ആര്‍ക്കുമാവില്ല. വിഴിഞ്ഞം പ്രക്ഷോഭത്തന്റെ മറവില്‍ ഭരണഘടന പദവിയിലിരിക്കുന്ന വ്യക്തികള്‍ക്കെതിരെ പോലും തങ്ങള്‍ക്ക് തോന്നുന്നത് വിളിച്ചുകൂവുമെന്ന ധാര്‍ഷ്ട്യം നിയമവാഴ്ചയോടും കേരളത്തിന്റെ മതനിരപേക്ഷ രാഷ്ട്രീയ പാരമ്പര്യത്തോടുമുള്ള തുറന്ന വെല്ലുവിളിയാണ്.

വി അബ്ദുറഹ്മാന്റെ പേരില്‍ തന്നെ തീവ്രവാദിയുണ്ടെന്നും തങ്ങള്‍ വിചാരിച്ചാല്‍ അദ്ദേഹത്തെ പോലുള്ള ഏഴാംകൂലികള്‍ ഇവിടെ ഭരണം നടത്തില്ല എന്നമുള്ള ഡിക്രൂസിന്റെ ആക്രോശം കേരളീയ സമൂഹത്തെ ഒന്നാകെ നാണിപ്പിക്കുന്നതാണ്. ഉത്തരേന്ത്യയിലേത് പോലെ പരമത വിദ്വേഷം വിതക്കാനും സാമുദായിക ചേരിതിരിവുണ്ടാക്കി കലാപാന്തരീക്ഷം സൃഷ്ടിക്കാനുമുള്ള ഇത്തരത്തിലുള്ള ആസൂത്രിത നീക്കത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂര്‍ ഡി ജി പിക്കയച്ച പരാതിയില്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *