അഷറഫ് ചേരാപുരം
ദുബൈ: യു എ ഇയില്‍ എമിറേറ്റ്‌സ് ഐ ഡി, വിസ നിരക്കുകള്‍ വര്‍ധിപ്പിച്ചു. നിരക്കുകള്‍ വര്‍ധിപ്പിച്ചതായി ഫെഡറല്‍ അതോറിറ്റിയില്‍ നിന്ന് അറിയിപ്പ് ലഭിച്ചതായി ട്രാവല്‍ ഏജന്‍സികള്‍ വ്യക്തമാക്കി. 100 ദിര്‍ഹം വീതമാണ് ഓരോ ഇനങ്ങള്‍ക്കും വര്‍ധിപ്പിച്ചിരിക്കുന്നത്. എമിറേറ്റ്‌സ് ഐ ഡി, സന്ദര്‍ശക വിസ, റെസിഡന്റ് വിസ എന്നിക്കെല്ലാം നിരക്ക് വര്‍ധനവ് ബാധകമായിരിക്കും. ഇതോട, 270 ദിര്‍ഹമായിരുന്ന എമിറേറ്റ്‌സ് ഐ ഡി നിരക്ക് 370 ദിര്‍ഹമായി ഉയര്‍ന്നു. ഒരു മാസത്തെ സന്ദര്‍ശക വിസ നിരക്കും 270 ദിര്‍ഹമില്‍നിന്നും 370 ദിര്‍ഹമായി മാറി.
സന്ദര്‍ശക വിസ യു എ ഇയില്‍ നിന്ന് തന്നെ പുതുക്കാന്‍ കഴിയില്ലെന്ന നിബന്ധന പുനരാരംഭിച്ചതിന് പിന്നാലെയാണ് വിസ നിരക്കും വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ പ്രവാസികളുടെ വിസ നടപടികള്‍ക്ക് ഇനി ചെലവേറും. യു എ ഇ അതിര്‍ത്തി കടക്കാന്‍ ഒമാനിലേക്ക് റോഡ് മാര്‍ഗം യാത്ര ചെയ്ത് എക്‌സിറ്റടിച്ച് പുതിയ വിസയുമായി തിരിച്ചെത്തുന്ന സൗകര്യം നിലച്ചിരുന്നു. ഇതോടെ വിമാനത്തിലാണ് പ്രവാസികള്‍ ഇപ്പോള്‍ ഒമാനിലോ മറ്റു രാജ്യങ്ങളിലോ വിസ പുതുക്കാന്‍ പോയി തിരിച്ചെത്തുന്നത്. 90 ദിവസ കാലാവധിയുള്ള വിസ നിര്‍ത്തലാക്കിയതും പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയായിരുന്നു.