കോഴിക്കോട്: മുസ്‌ലിം ലീഗില്‍ നിന്ന് പുറത്താക്കിയ മുന്‍ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ ഐ എന്‍ എല്‍ പാര്‍ട്ടിയില്‍ ചേര്‍ന്നേക്കും. ഇതിന്റെ ആദ്യ പടിയായാണ് മുസ്‌ലിം ലീഗില്‍ നിന്ന് പുറത്താക്കിയ ഹംസ ഐ.എന്‍. എല്‍ സംസ്ഥാന സമിതി ഇന്നലെ കോഴിക്കോട് സംഘടിപ്പിച്ച ഏക സിവില്‍ കോഡ് സിമ്പോസിയത്തില്‍ പങ്കെടുത്തത്. മുന്‍ കൂട്ടി ക്ഷണിക്കപ്പെട്ട അതിഥിയല്ലാഞ്ഞിട്ടു കൂടി സദസ്സില്‍ ഇരിക്കുവാനായി പോയ അദ്ദേഹത്തെ ഐ. എന്‍. എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസീം ഇരിക്കൂര്‍ ഇറങ്ങി വന്ന് വേദിയില്‍ ഇരിപ്പിടം നല്‍കി.
പ്രവര്‍ത്തക സമിതിയില്‍ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷമായി വിമര്‍ശിച്ചതിനാല്‍, സംസ്ഥാന സമിതിയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ട കെ.എസ്. ഹംസ കഴിഞ്ഞ മാര്‍ച്ചില്‍ ലീഗ് സംസ്ഥാന തെരഞ്ഞെടുപ്പിനെതിരെ കേസ് കൊടുത്തതിനാല്‍ സംഘടനയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് എം.എസ്.എഫ്, യൂത്ത് ലീഗ് സംഘടനകളില്‍ നിന്ന് പുറത്താക്കിയവരും ഹൈദരലി തങ്ങളുടെ മകന്‍ മുഅനിദുദ്ദീന്‍ തങ്ങളുടെയും നേതൃത്വത്തില്‍ ഒരു ഫോറം രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ഇതിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലന്ന വിലയിരുത്തിലാണ് ഹംസ ഐ എന്‍ എല്‍ പാര്‍ട്ടിയില്‍ ചേക്കേറാന്‍ ഒരുങ്ങുന്നതെന്ന് രാഷ്ടീയ നിരീക്ഷകര്‍ പറയുന്നു.
അടുത്ത് വരുന്ന ഐ എന്‍ എല്‍ സംസ്ഥാന സമിതിയില്‍ സെമിനാര്‍ വിഷയത്തിന്റെ അവലോകത്തില്‍ ഹംസയുടെ സാന്നിദ്ധ്യം ചര്‍ച്ചയാകും. ഹംസയ്ക്ക് മറ്റ് തടസങ്ങള്‍ ഇല്ലെങ്കില്‍ ഐ എന്‍ എല്‍ ചേരാമെന്നാണ് നിലവിലെ രാഷ്ട്രീയ സാഹചര്യം.