തിരുവനന്തപുരം: അന്തരിച്ച ഫ്രഞ്ച് സംവിധായകനായ ഴാങ് ലൂക് ഗൊദാര്‍ദ്, ജാപ്പനീസ് സംവിധായകന്‍ മസഹിറോ കൊബായാ ഷി, മലയാളികളായ ജോണ്‍പോള്‍, ടി പി രാജീവന്‍ തുടങ്ങിയ അതുല്യ പ്രതിഭകള്‍ക്ക് രാജ്യാന്തര ചലച്ചിത്രമേള ആദരമര്‍പ്പിക്കും. മലയാളികളുടെ പ്രിയതാരമായിരുന്ന പ്രതാപ് പോത്തന്‍, നിര്‍മ്മാതാവ് അറ്റ്‌ലസ് രാമചന്ദ്രന്‍ ,സംവിധായകന്‍ ജി എസ് പണിക്കര്‍, ഛായാഗ്രാഹകന്‍ പപ്പു എന്നിവര്‍ ഉള്‍പ്പടെ എട്ടു ചലച്ചിത്ര പ്രവര്‍ത്തകരുടെ സ്മരണയ്ക്കായ് എട്ടു ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.
ഹോളിവുഡ് സിനിമകളിലെ പ്രചോദനം ഉള്‍ക്കൊണ്ട് രണ്ടു ചെറുപ്പക്കാര്‍ നടത്തുന്ന കവര്‍ച്ച പ്രമേയമാക്കിയ ഗൊദാര്‍ദ് ചിത്രം ബാന്‍ഡ് ഓഫ് ഔട്ട്‌സൈഡേഴ്‌സ്, മസഹിറോ കൊബായാഷി ചിത്രം ലിയര്‍ ഓണ്‍ ദി ഷോര്‍, പ്രതാപ് പോത്തന്‍ അഭിനയിച്ച കാഫിര്‍, അറ്റ്‌ലസ് രാമചന്ദ്രന്‍ നിര്‍മ്മിച്ച ഭരതന്‍ ചിത്രം വൈശാലി, ജോണ്‍പോള്‍ ആദ്യമായി തിരക്കഥയെഴുതിയ ചാമരം,പപ്പു ഛായാ ഗ്രാഹകനായ രാജീവ് രവിചിത്രം ഞാന്‍ സ്റ്റീവ് ലോപ്പസ്, ജി. എസ് പണിക്കര്‍ ഒരുക്കിയ ഏകാകിനി എന്നീ ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.
ടി പി രാജീവനുള്ള സ്മരണാഞ്ജലിയായി അദ്ദേഹത്തിന്റെ നോവലിനെ ആസപദമാക്കി രഞ്ജിത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’ എന്ന സിനിമയും ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.