തിരുവനന്തപുരം: വാര്‍ദ്ധക്യത്തിന്റെ ആകുലതകള്‍ ചര്‍ച്ച ചെയ്യുന്ന ആനന്ദ് മഹാദേവന്‍ ചിത്രം ദി സ്‌റ്റോറി ടെല്ലര്‍ രാജ്യാന്തര ചലച്ചിത്ര മേളയില്‍. വിഖ്യാത സംവിധായകന്‍ സത്യജിത് റേ യുടെ ഗോള്‍പോ ബോലിയേ താരിണി ഖുറോ എന്ന ചെറുകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രം, തരിണി ചരണ്‍ ബന്ദോപാധ്യായ എന്ന കഥാപാത്രത്തിന്റെ ജീവിതഘട്ടങ്ങളാണ് ഇതിവൃത്തമാക്കിയിരിക്കുന്നത്.
പരേഷ് റാവല്‍,ആദില്‍ ഹുസ്സൈന്‍,തന്നിഷ്ട ചാറ്റര്‍ജി,മലയാളി താരമായ രേവതി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ബുസാന്‍ ഉള്‍പ്പടെ നിരവധി മേളകളില്‍ പ്രേക്ഷക പ്രീതി നേടിയിട്ടുണ്ട്. മേളയിലെ ഇന്ത്യന്‍ സിനിമ ഇന്ന് വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.
സ്‌പെയിനിലെ ജയില്‍ കലാപത്തിന്റെ നേര്‍ചിത്രവുമായി പ്രിസണ്‍ 77
1977 ല്‍ ബാഴ്‌സലോണയിലെ ജയിലില്‍ നടന്ന സംഘര്‍ഷങ്ങള്‍ പ്രമേയമാക്കി സ്പാനിഷ് സംവിധായകന്‍ ആല്‍ബര്‍ട്ടോ റോഡ്രിഗസ് സംവിധാനം ചെയ്ത സ്പാനിഷ് ത്രില്ലര്‍ ചിത്രം പ്രിസണ്‍ 77 രാജ്യാന്തര ചലച്ചിത്രമേളയില്‍. മണി ഹെയ്സ്റ്റ് എന്ന പരമ്പരയിലെ റിയോ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ദേയനായ മിഗ്വല്‍ ഹെറാന്‍ നായകനാകുന്ന ചിത്രം മേളയിലെ ലോക സിനിമാ വിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുന്നത്.
ചെയ്യാത്ത കുറ്റത്തിന് ജയിലിലായ ഒരു യുവാവ് നീതിരാഹിത്യത്തിന്റെ പേരില്‍ നടത്തുന്ന പ്രതികരണവും തുടന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.ജയിലിലെ കലാപത്തിന്റെ പശ്ചാത്തലത്തില്‍ സ്പയിനിലെ ജയില്‍ നിയമങ്ങള്‍ പിന്നീട് പരിഷ്‌കരിച്ചിരുന്നു. ബോക്‌സോഫീസില്‍ മികച്ച വിജയം നേടിയ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യത്തെ പ്രദര്‍ശനമാണ് രാജ്യാന്തര മേളയിലേത്.
ബ്‌ളാക്ക് ആന്‍റ് വൈറ്റില്‍ ദാര്‍ശനിക ദൃശ്യങ്ങളുമായി ആറു ബേല താര്‍ ചിത്രങ്ങള്‍
രാജ്യാന്തര മേളയില്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നേടിയ ഹംഗേറിയന്‍ ചലച്ചിത്ര പ്രതിഭ ബേല താറിന്റെ ആറു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. സിനിമകളുടെ സൗന്ദര്യം കറുപ്പിലും വെളുപ്പിലും ആവാഹിച്ചും സവിശേഷമായ ആഖ്യാന ശൈലി ഉപയോഗിച്ചും നിര്‍മ്മിച്ച അഞ്ചു ചിത്രങ്ങളും ഔട്ട്‌സൈഡര്‍ എന്ന കളര്‍ ചിത്രവുമാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത് .
ഒരു ചെറിയ താളം തെറ്റല്‍ സമൂഹത്തെ എങ്ങനെ പരിപൂര്‍ണ്ണ അരാജകത്വത്തിലേക്ക് നയിക്കുന്നു എന്ന് വിശദമാക്കുന്ന ചിത്രം വെര്‍ക്ക്മീസ്റ്റര്‍ ഹാര്‍മണീസ്, ഫാമിലി നെസ്റ്റ്, താറും സഹപ്രവര്‍ത്തകനായ ലാസ്ലോ ക്രാസ്‌നഹോര്‍കായിയും ചേര്‍ന്ന് തിരക്കഥ ഒരുക്കിയ ഡാംനേഷന്‍ ,ആഗ്‌നസ് ഹ്രാനിറ്റ്‌സ്‌കിക്കൊപ്പം സംവിധാനം ചെയ്ത ദ മാന്‍ ഫ്രം ലണ്ടന്‍ , ദി ഔട്ട് സൈഡര്‍ എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.
മനുഷ്യരാശിയെക്കുറിച്ചുള്ള ആശങ്കകള്‍ക്കും ഉത്കണ്ഠകകള്‍ക്കും ചലച്ചിത്ര ഭാഷ്യം രചിക്കുന്ന താറിന്റെ അവസാന ചിത്രമായ ദ ട്യൂറിന്‍ ഹോഴ്‌സും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.