എ വി ഫര്‍ദിസ്
കോഴിക്കോട്: തലമുറകളിലൂടെ പരന്നൊഴുകിയ അക്ഷരങ്ങളുടെ നിളാ പ്രവാഹത്തിന്റെ കഥാകാരന്‍ ഇന്ന് നവതിയുടെ നിറവില്‍. മലയാള കഥാ സാഹിത്യത്തിന്റെ പെരുംന്തച്ചന്‍, ഫ്യൂഡലിസത്തിന്റെ ജീര്‍ണിച്ച നാലുകെട്ടുകളിലെ സ്ത്രീ വേദനകളുടെ കഥ അപ്പുണ്ണിയിലൂടെ മലയാള മനസ്സിലേക്കെത്തിച്ച കഥാകാരന്‍, മലയാളി ഭാവനയേയും ഭാവുകത്വത്തെയും ആഴത്തില്‍ സ്വാധീനിച്ച എഴുത്തുകാരന്‍, സാഹിത്യത്തിലും ചലച്ചിത്ര ലോകത്തും തന്റേതു മാത്രമായ ഒരു സിംഹാസനം സ്വയം നിര്‍മിച്ചെടുത്ത് വേറിട്ട് നിന്നയാള്‍.
ലോകമെങ്ങുമുള്ള മലയാളികളുടെ സ്വകാര്യ അഭിമാനമായി മാറിയ മലയാളത്തിന്റെ പ്രിയ കഥാകാരന് ഇന്ന് തൊണ്ണൂറു പിന്നീടുമ്പോള്‍, അത് ഓരോ കേരളീയന്റെയും സന്തോഷമായി മാറുന്നതിങ്ങനെയാണ്.
എം.ടി തന്നെ തന്റെ പിറന്നാള്‍ മലയാള മാസമായ കര്‍ക്കിടകത്തിലെ ഉത്രട്ടാതിയിലാണെന്നാണ് പറയാറെങ്കിലും ഇംഗ്ലീഷ് കലണ്ടര്‍ പ്രകാരമാണ് ജൂലൈ 15 എന്ന തീയതിയിലാണിതെത്തുന്നത്.
എല്ലാ പിറന്നാള്‍ പോലെയും ഇപ്രാവശ്യവും എം ടിയുടെ വസതിയായ കൊട്ടാരം രാരിച്ചന്‍ റോഡിലെ സിതാരയില്‍ ഒരു ആഘോഷങ്ങളുമില്ല. എന്നാല്‍ ഏതാനും ദിവസങ്ങളായി നാടിന്റെ പല ഭാഗത്തു നിന്നുമുള്ള പല വി.വി.ഐ.പികളും മറ്റും ആശംസകളര്‍പ്പിക്കുവാന്‍ ഇവിടെ എത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഇന്നും ഇതുപോലെ പലരും എത്തിയേക്കാം. എന്നാല്‍ വീട്ടുകാര്‍ മാത്രം ചെറിയ പൂജ പോലുള്ളവ നടത്താറുള്ളത്, ഉത്രട്ടാതിയിലാണെന്ന് എം.ടി യുടെ സന്തത സഹചാരിയായ കെ.എസ്. വെങ്കിട്ടാചലം പറഞ്ഞു. അതും ആഘോഷമായിട്ടൊന്നുമല്ല. മറിച്ച് മക്കളും പേരമക്കളുമായി വീട്ടുകാര്‍ക്കു മാത്രമായി ചെറിയ സദ്യയൊരുക്കുക മാത്രമാണുണ്ടാകുക. ഇപ്രാവശ്യത്തെ കര്‍ക്കിടകത്തിലെ ഉത്രട്ടാതി ആഗസ്ത് ആദ്യവാരത്തിലാണ് വരുന്നത്.
1956 ല്‍ മുതല്‍ നാടായ കൂടലൂരില്‍ നിന്ന് തന്ന താന്‍ തന്നെ പറിച്ചു നട്ട കോഴിക്കോട്ടും മഹാ കഥാകാരന്റെ നവതിയോടനുബന്ധിച്ച് സൗഹൃദയ ലോകം വേറിട്ട പല പരിപാടികളും സംഘടിപ്പിച്ചു വരുന്നുണ്ട്. മാതൃഭൂമിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നവതി ആഘോഷ പരിപാടിയായ സുകൃതത്തിന് ഇന്നലെ സമാപനമായി. കാളാണ്ടി താഴം ദര്‍ശനം സാംസ്‌കാരികവേദി, സര്‍ക്കാരിന്റെ പുസ്തക പ്രസാധന സ്ഥാപനമായ ബുക്ക് മാര്‍ക്ക് എന്നിവയുടെ നേതൃത്വത്തില്‍ ഒരാഴ്ചയായി നഗരത്തില്‍ എം.ടിയുടെ പുസ്തകങ്ങളുടെയും മറ്റും പ്രദര്‍ശനം നടക്കുന്നുണ്ട്. നൂറുകണക്കിന് പേരാണ് ഇത് കാണുവാനായി ഇന്നലെയടക്കം എത്തിയത്. ലളിത കലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ പ്രശസ്ത ഫോട്ടോഗ്രാഫര്‍ കെ.കെ. സന്തോഷിന്റെ എം.ടിയെക്കുറിച്ചുള്ള ഫോട്ടോ പ്രദര്‍ശനവും നടക്കുന്നുണ്ട്.