മഹിതം മാനവീയം: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 50 കേന്ദ്രങ്ങളില്‍ ബഹുജന കൂട്ടായ്മയുമായി ഐ എസ് എം

Kerala

മലപ്പുറം: രാജ്യത്ത് സമാധാന അന്തരീക്ഷവും ജനാധിപത്യ വ്യവസ്ഥയും ശക്തിപ്പെടുത്തുന്നതിനായി സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 50 കേന്ദ്രങ്ങളില്‍ മഹിതം മാനവീയം എന്ന പേരില്‍ ഐ എസ് എം ബഹുജന കൂട്ടായ്മകള്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ന്യൂനപക്ഷ വേട്ടയും സാമുദായിക ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമങ്ങളും ബഹുജന കൂട്ടായ്മയില്‍ ചര്‍ച്ചയാകും. വിശ്വമാനവികതയ്ക്ക് വേദവെളിച്ചമെന്ന പ്രമേയത്തില്‍ 2024 ജനുവരി അവസാനവാരത്തില്‍ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് പത്താമത് സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥമാണ് ഈ ബഹുജന കൂട്ടായ്മ.

മഹിതം മാനവീയം പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം ജില്ലയിലെ പൂക്കോട്ടൂരില്‍ ആഗസ്ത് 13ന് വൈകുന്നേരം നാല് മണിക്ക് നടക്കും. കേരള നിയമസഭ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലികുട്ടി ഉദ്ഘാടനം ചെയ്യും. പി ഉബൈദുള്ള എം എല്‍ എ മുഖ്യാതിഥിയാവും. ഡോ. കെ ടി ജലീല്‍ എം എല്‍ എ, അഡ്വ. കെ എന്‍ എ ഖാദര്‍, നിഷാദ് റാവുത്തര്‍, ഫാദര്‍ സെബാസ്റ്റ്യന്‍ സി എ, റിജില്‍ ചന്ദ്രന്‍ മാക്കുറ്റി, സഹല്‍ മുട്ടില്‍, ഡോ. അന്‍വര്‍ സാദത്ത്, റിഹാസ് പുലാമന്തോള്‍ എന്നിവര്‍ സംസാരിക്കും.

സുസ്ഥിരതയ്ക്കു വേണ്ടി മനുഷ്യരിലെ വ്യത്യസ്തതകളെ ഉള്‍കൊണ്ടുള്ള ഐക്യവും സമന്വയവുമാണ് ആധുനിക ലോകം ആവശ്യപ്പെടുന്നത്. മനുഷ്യരെ പരസ്പരം വ്യത്യസ്തരാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ലിംഗം, മതം, ജാതി, ഭാഷ, സംസ്‌കാരം തുടങ്ങിയ ഈ വ്യത്യസ്ത ഘടകങ്ങളെ ഉള്‍കൊള്ളാന്‍ മനുഷ്യന് സാധിക്കണം. ഈ വ്യത്യസ്ത ഘടകങ്ങളില്‍ ഊന്നിനിന്നുകൊണ്ട് രൂപപെട്ടതാണ് ഇന്ത്യയുടെ ദേശീയതയും. വൈദേശിക ആധിപത്യത്തില്‍ നിന്ന് ഇന്ത്യയെ മോചിപ്പിക്കുന്നതിന് ഈ എല്ലാ വ്യത്യസ്തകളും ഒന്നായി തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചത് കാണാന്‍ സാധിക്കും.

രാജ്യത്തിന്റെ സംസ്‌കാരമായി വികസിച്ചുവന്ന സമന്വയമെന്ന ആശയത്തെ രാഷ്ട്രശില്‍പികള്‍ ഭരണഘടനയിലൂടെ നിയതമാക്കിതീര്‍ത്തു. വ്യത്യസ്തതകളുടെ ദേശീയതയെ ഓരോ ഭാരതീയനും അഭിമാനപൂര്‍വം സ്വീകരിച്ചാണ് മുന്നോട്ടുവന്നിട്ടുള്ളത്. സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളിലൂടെ നാനാ തത്വങ്ങളെയും ആസാദിയെന്ന ഏക തത്വത്തിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യത്തിനായി. എന്നാല്‍ അന്നുമുതല്‍ തന്നെ നാനാത്വമെന്ന രാജ്യത്തിന്റെ മനോഹാരിത ഉള്‍കൊള്ളാന്‍ കഴിയാത്തവരുണ്ടായിരുന്നു. രാജ്യത്തെ വര്‍ഗീയമായി വിഭജിച്ച് മതരാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ നെഹ്‌റുവിന്റെ ശക്തമായ സോഷ്യലിസ്റ്റ് ആശയങ്ങളിലൂടെ അതിനെ മറികടക്കാന്‍ സാധിച്ചു.

വിഭാഗീയതയുടെ ചേരി രാജ്യത്ത് ഇന്ന് സജീവമാണ്. മണിപ്പൂരില്‍ മതത്തിന്റെ പേരില്‍ നടുക്കുന്ന അക്രമങ്ങളാണ് അഴിച്ചുവിട്ടത്. ഹരിയാനയിലെ നൂഹിലും ഗുരുഗ്രാമിലും സോഹനിലും ഈ വിധ്വംസക പ്രവര്‍ത്തകര്‍ തകര്‍ത്താടുകയാണ്. എഴുപത്തിയാറാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ രാജ്യത്തെ ദുര്‍ബലമാക്കുന്ന ഈ വിഭജനത്തിന്റെ ശക്തികളെ തുടച്ചുനീക്കുന്നതിനുള്ള ശ്രമങ്ങളുണ്ടാകണം.

വാര്‍ത്താ സമ്മേളനത്തില്‍ ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് റാഫി കുന്നുംപുറം, സെക്രട്ടറിമാരായ റഫീഖ് നല്ലളം, ഷാനവാസ് ചാലിയം, ലത്തീഫ് മംഗലശേരി എന്നിവര്‍ പങ്കെടുത്തു.