ചെണ്ടുമല്ലി വിരിഞ്ഞു; ദേശീയ പാതയോരം കീഴടക്കി സഞ്ചാരികള്‍

News

എം കെ രാംദാസ്

വാര്‍ത്തകള്‍ 8289857951 എന്ന വാട്‌സാപ്പ് നമ്പറില്‍ അയക്കുക.

മൈസൂരു: കര്‍ണാടകയിലെ ചെണ്ടുമല്ലിപ്പാടങ്ങളിലേയ്ക്ക് സഞ്ചാരികളുടെ പ്രവാഹം. കോഴിക്കോട് കൊല്ലേഗല്‍ ദേശീയ പാതയില്‍ ഗുണ്ടല്‍പേട്ടയിലെ പൂന്തോട്ടങ്ങളാണ് യാത്രാ പ്രിയരുടെ ഇഷ്ടയിടമായി മാറിയത്. ദേശീയ പാതയോരത്തെ കൃഷിയിടങ്ങളില്‍ ചിത്രമെടുക്കാനുള്ള ആഗ്രഹവുമായി നൂറുകണക്കിന് മലയാളികളാണ് ദിവസേനയെത്തുന്നത്. ചെണ്ടുമല്ലിയുടെയും സൂര്യകാന്തി പൂക്കളുടെയും പശ്ചാത്തലത്തില്‍ കുടുംബവുമൊത്തൊരു സെല്‍ഫി എന്നതാണ് ഇവിടെയെത്തുന്നവരില്‍ ഭൂരിഭാഗവും പിന്തുടരുന്നൊരു കീഴ്‌വഴക്കം. ഞായറാഴ്ചകളിലാണ് തിരക്കെങ്കിലും മറ്റു ദിവസങ്ങളിലും നിരവധി പേര്‍ കാഴ്ചക്കാരായുണ്ടാവും.

കൊടുവള്ളിയില്‍ നിന്നുള്ള ഷറഫ് കുഞ്ഞുങ്ങള്‍ക്കും ഭാര്യയ്ക്കുമൊപ്പമാണ് പൂന്തോട്ടം കാണാനെത്തിയത്.’ ഇവിടുത്തെ കാഴ്ച മനോഹരമാണ്. ഗുണ്ടല്‍പേട്ടയിലെ ആകാശത്തിനു തന്നെ എന്തൊരു ഭംഗിയാണ്. വിശാലമായ മാനത്തിന് കീഴില്‍ പൂക്കള്‍ കൂടിയാവുമ്പോള്‍ യാത്ര സഫലം. ചുരവും മുത്തങ്ങ കാടും വഴിയുള്ള യാത്രയും ഹൃദ്യം’.

ഫോട്ടോ:-അരുണ്‍ ജെ പി

സന്ധ്യ സമയത്തെ ഗുണ്ടില്‍പ്പേട്ടയില്‍ നിന്നുള്ള ആകാശ കാഴ്ച

ഷറഫിന്റെ മാത്രം അഭിപ്രായമല്ലിത്. ദേശീയ പാതയിലൂടെ സഞ്ചരിക്കുന്നവരെയെല്ലാം ഈ പൂന്തോപ്പുകള്‍ മാടി വിളിക്കും. നിമിഷനേരത്തേയ്‌ക്കെങ്കിലും. സാമാന്യം ദീര്‍ഘമായൊരു കാനനയാത്ര കഴിഞ്ഞ് എത്തിചേരുന്ന കര്‍ണാടക കൃഷിയിടങ്ങള്‍ ഇക്കാലത്ത് ശബ്ദമുഖരിതമാണ്. ഇവിടുത്തെ കര്‍ഷകനായ മുദ്ദണ്ണ സന്തോഷം മറച്ചുവെച്ചില്ല. ‘ ചെറിയ ഫീസൊക്കെ വാങ്ങിയാണ് തോട്ടത്തിനുള്ളിലേയ്ക്ക് ആളുകളെ കടത്തിവിടുന്നത്. തുണിയ്ക്ക് ചായം നല്‍കാനും പെയിന്റ് നിര്‍മ്മിക്കാനുമാണ് ഈ പൂക്കള്‍ പ്രധാനമായും ഉപയോഗിക്കുന്നത്. നെരോലാക്, എവിടി കമ്പനികളാണ് പൂക്കള്‍ ഞങ്ങളില്‍ നിന്ന് ശേഖരിക്കുന്നത്. അവരാണ് കൃഷിയിറക്കാന്‍ സഹായിക്കുന്നത്. കമ്പനികള്‍ നിശ്ചയിക്കുന്ന വിലയ്ക്ക് അവര്‍ക്ക് പൂക്കള്‍ നല്‍കണമെന്നാണ് വ്യവസ്ഥ. കാണാനും ചിത്രമെടുക്കാനുമെത്തുന്നവരില്‍ നിന്ന് കിട്ടുന്ന ചെറിയ തുക ഒരധിക വരുമാനമാണ്. കുറെ ചെടികള്‍ ചവിട്ടി നശിപ്പിക്കപ്പെടാനും ഇടയുണ്ട്. അതുകൂടി പരിഗണിക്കുമ്പോള്‍ വലിയ മെച്ചമൊന്നുമില്ല. റോഡരുകില്‍ തോട്ടമുളളവര്‍ക്കേ ഇതിന്റെ ഗുണം കിട്ടൂ. ഓണം വരെ നീണ്ടു നില്‍ക്കുന്ന കാലയളവില്‍ മാത്രമേ പൂവ് കൃഷി ചെയ്യാനാവു’. മുദ്ദണ്ണ മല്ലിപ്പൂക്കഥ ചുരുക്കിപ്പറഞ്ഞു.

ഫോട്ടോ:-അരുണ്‍ ജെ പി

ഗുണ്ടല്‍പ്പേട്ടയില്‍ പൂപ്പാടം കാണാനെത്തിയവരുടെ വാഹനങ്ങളുടെ നീണ്ട നിര

കിലോമീറ്റര്‍ നീളത്തില്‍ റോഡരുകില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന കാറുകളാണ് ആദ്യം കാഴ്ചയില്‍ ഉടക്കുക. വാഹനങ്ങളുടെ വൈവിധ്യമാണ് മറ്റൊരു വിരുന്ന്. കാലവസ്ഥ ഇക്കൊല്ലം മല്ലിപ്പൂകര്‍ഷകരെ തുണച്ചെന്നാണ് തോട്ടം കാവല്‍ക്കാരിയായ സുശീലയുടെ പക്ഷം. ആവശ്യത്തിന് മാത്രം മഴ കിട്ടിയതാണ് ഒരര്‍ത്ഥത്തില്‍ രക്ഷയായത്. സാരിത്തലപ്പ് കൈകളില്‍ ചുരുട്ടി അമ്മയോട് ഒട്ടിനിന്ന നാലുവയസ്സുകാരനെ അല്‍പംകൂടി ചേര്‍ത്ത് പിടിച്ച് സുശീല ചുറ്റുപാടും കണ്ണയച്ചാണ് ഇത്രയും പറഞ്ഞത്. പണം തരാതെ ആരെങ്കിലും പൂന്തോപ്പിലേയ്ക്ക് അതിക്രമിച്ചു പ്രവേശിക്കുന്നുണ്ടോയെന്നാണ് സുശീല കണ്ണ് കൊണ്ട് പരതുന്നത്.

കമ്പനികള്‍ ശേഖരിച്ചതിന്ന് ശേഷം അവശേഷിക്കുന്ന പൂക്കളാണ് സാധാരണ ഗതിയില്‍ ഓണക്കാലത്ത് കേരളത്തിലേയ്ക്ക് കൊണ്ടുവരുന്നത്. അന്യദേശങ്ങളില്‍ നിന്നുള്ള പൂക്കള്‍ വില കൊടുത്ത് വാങ്ങി വീട്ടുമുറ്റത്തെ പൂക്കളങ്ങള്‍ മത്സരത്തിന് തുറന്നു കൊടുത്ത മലയാളി ബോധം മുദ്ദണ്ണനും സുശീലയ്ക്കുമാണ് ശരിയ്ക്കും അനുഗ്രഹമാവുന്നത്. അവര്‍ക്കാണ് ഓണം ഘോഷമാവുന്നതും.

വാര്‍ത്തകള്‍ 8289857951 എന്ന വാട്‌സാപ്പ് നമ്പറില്‍ അയക്കുക.