മദ്യനിരോധന ജനാധികാരം തിരിച്ചുകൊണ്ടുവരണം: ഐ എസ് എം

Malappuram

മലപ്പുറം: പഞ്ചായത്ത്, മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളുടെ മദ്യനിരോധനാധികാരം പുനഃസ്ഥാപിക്കണമെന്ന് ഐഎസ്എം സംസ്ഥാന സമിതി ആവശ്യപ്പെട്ടു. കേരള മദ്യനിരോധന സമിതി മലപ്പുറം കലക്‌ട്രേറ്റിന് മുന്‍വശത്ത് നടത്തികൊണ്ടിരിക്കുന്ന അനിശ്ചിതകാല സത്യഗ്രഹ സമരത്തിന് ഐഎസ്എം സംസ്ഥാന സമിതി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരത്തില്‍ പങ്കെടുത്തു. അരാജകവാദം തിരുത്തണം ലഹരിയെ തുരത്തണം എന്ന പ്രമേയവുമായി ഐഎസ്എം സംസ്ഥാന സമിതി നടത്തുന്ന നല്ല കേരളം പദ്ധതിയുടെ ഭാഗമായാണ് കേരള മദ്യനിരോധന സമിതിയുടെ സത്യഗ്രഹത്തിൽ പങ്കുചേർന്നത്. 621-ാം ദിവസത്തിലെത്തി നില്‍ക്കുന്ന സമരം ഐ എസ് എം സംസ്ഥാന പ്രസിഡന്റ് ഡോ. അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് രാജിലെ 232, നഗരപാലികാ നിയമത്തിലെ 447 എന്നീ ആക്ടുകള്‍ പ്രകാരം മദ്യനിരോധനത്തിന് ജനാധികാരമുണ്ടായിരുന്നു. നിലവിലെ ഇടതുപക്ഷ സര്‍ക്കാര്‍ ഈ ആക്ടുകളെ അട്ടിമറിച്ച് മദ്യവിപണനത്തെ വ്യാപകമാക്കി. ഈ ആക്ടുകള്‍ തിരിച്ചുകൊണ്ടുവരണമെന്നും പടിപടിയായി മദ്യനിരോധനം യാഥാർഥ്യമാക്കണമെന്നും ഐ എസ് എം ആവശ്യപ്പെട്ടു.

എല്‍പി ക്ലാസ് മുതലുള്ള പാഠഭാഗങ്ങളിൽ ലഹരി വിരുദ്ധ സന്ദേശങ്ങള്‍ വിദ്യാർത്ഥികളെ പഠിപ്പിക്കണം. എല്ലാ ക്ലാസുകളിലും ഈ പഠനം നടത്താനും സാധിക്കണം. ലഹരി മൂലം നടന്നുകൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങളുടെ ക്രമാതീതമായ വളര്‍ച്ച ഇതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നു. ഈ വസ്തുതകൾ മുൻനിർത്തി ശക്തമായി ഇടപെടാൻ സംസ്ഥാന സര്‍ക്കാർ സന്നദ്ധമാകണമെന്ന് മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഹാസില്‍ മുട്ടില്‍, വൈസ് പ്രസിഡന്റ് റിഹാസ് പുലാമന്തോള്‍ എന്നിവർ സംസാരിച്ചു. സാബിക്ക് മാഞ്ഞാലി, നസീം മടവൂര്‍, ഡോ.യൂനുസ് ചെങ്ങര, അബ്ദുല്‍ ഖയ്യൂം, ഡോ.ഷബീര്‍ ആലുക്കല്‍, ടി കെ എന്‍ ഹാരിസ്, ഷരീഫ് കോട്ടക്കല്‍, ഷാനവാസ് ചാലിയം, അബ്ദുസ്സലാം ഒളവണ്ണ, ഹബീബ് റഹ്‌മാന്‍ നീരോല്‍പാലം, ഫാസില്‍ ആലുക്കല്‍, ഇല്ല്യാസ് മോങ്ങം, ഫാസില്‍ യൂനിവേഴ്‌സിറ്റി, ഫിറോസ് ബാബു കുഴിപ്പുറം, അനീസ് കുഴിപ്പുറം, അബ്ദുറഷീദ് കൂമണ്ണ, അബ്ദുല്‍ വാഹിദ് കുഴിപ്പുറം, അംജദ് പെരിയമ്പലം, കെ സി അഷ്‌റഫ്, മുസ്ഫിര്‍ പുളിക്കല്‍, മദ്യനിരോധന സമിതി ഭാരവാഹികളായ പത്മിനി ടീച്ചര്‍, ഖദീജ നര്‍ഗീസ്, സി ഒ ജോണി, സത്യപാലന്‍ മഞ്ചേരി, ഉമ്മര്‍ മഞ്ചേരി, വി പി കുഞ്ഞു, നാസര്‍ ചാലില്‍, സുകുമാരന്‍ മൈലപ്പുറം, ആമിന മലപ്പുറം, പി ക റഹീം, ഹനീഫ മൈലപ്പുറം എന്നിവര്‍ പങ്കെടുത്തു.