കോഴിക്കോട്: ഏക സിവില്‍ കോഡ് വിഷയത്തില്‍ സി പി എം നടത്തുന്ന കള്ളക്കളി സെമിനാറിലൂടെ വെളിച്ചെത്ത് വന്നതായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. വിദ്വേഷത്തിനെതിരെ ദുര്‍ഭരണത്തിനെതിരെ എന്ന പ്രമേയവുമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി നടത്തുന്ന ക്യാംപയിനോടനുബന്ധിച്ച് പഞ്ചായത്ത് തലത്തില്‍ നടക്കുന്ന പ്രതിനിധി സംഗമത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ഭാഗത്ത് ഏക സിവില്‍ കോഡിനെ എതിര്‍ക്കുന്നുവെന്ന് പറയുകയും മറുഭാഗത്ത് വ്യക്തി നിയമങ്ങളില്‍ പരിഷ്‌കരണം നടത്തണമെന്ന നിലപാട് സ്വീകരിക്കുകയും ചെയ്ത സി പി എമ്മിന്റെ ഇരട്ട മുഖമാണ് സെമിനാറിലൂടെ പുറത്ത് വന്നത്. ന്യൂനപക്ഷ വോട്ടുകളില്‍ കണ്ണുനട്ട് ഏക സിവില്‍ കോഡിനെതിരെ പറയുമ്പോഴും മതനിയമങ്ങള്‍ പിന്തിരിപ്പനാണെന്നും വ്യക്തിനിയമങ്ങളില്‍ കാലോചിത മാറ്റം അനിവാര്യമാണന്നുമാണ് സി പി എമ്മിന്റെ എക്കാലത്തെയും നിലപാട്. ഇതില്‍ തങ്ങള്‍ ഉറച്ച് നില്‍ക്കുന്നുവെന്നാണ് സെമിനാറിലൂടെ സി പി എം വ്യക്തമാക്കിയത്. പൗരത്വ നിയമ ദേദഗതിക്കെതിരെ പ്രസംഗിക്കുകയും എന്നാല്‍ സമരം ചെയ്തവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്ത സി പി എമ്മിന്റെ ഇരട്ടത്താപ്പ് നയം തന്നെയാണ് എകസിവില്‍ കോഡിലും സ്വീകരിക്കുന്നത്. ഇത് കേരള സമൂഹം അംഗീകരിക്കില്ലെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു.
ശാഖാ തലത്തില്‍ നടത്തേണ്ട യൂത്ത് മീറ്റുകള്‍ പൂര്‍ത്തീകച്ച പഞ്ചായത്തുകളില്‍ ആണ് പ്രതിനിധി സംഗമങ്ങള്‍ക്ക് തുടക്കമായത്. പെരുവയല്‍ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് യാസര്‍ അറഫാത്ത് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി ഇസ്മായില്‍ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, സെക്രട്ടറി ടി പി എം ജിഷാന്‍, മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് കെ മൂസ മൗലവി, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ട്രഷറര്‍ കെ എം എ റഷീദ്, സെക്രട്ടറി ഒ എം നൗഷാദ്, മണ്ഡലം പ്രസിഡന്റ് ഐ സല്‍മാന്‍, എം പി സലിം, മുഹമ്മദ് കോയ, സി ടി ഷരീഫ്, പൊതാത്ത് മുഹമ്മദ് ഹാജി, പി പി ജാഫര്‍ മാസ്റ്റര്‍, ഹബീബ് റഹ്മാന്‍, എന്‍ വി കോയ, മുജീബ് ഇടക്കണ്ടി, എന്‍ ടി ഹംസ, കെ എം ഷാഫി, പി അഷ്‌റഫ്, എം സി സെനുദ്ദീന്‍, പി കെ ഷറഫുദ്ദീന്‍, ഉനൈസ് എ തുടങ്ങിയവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സിക്രട്ടറി ഹാരിസ് വി സ്വാഗതവും ട്രഷറര്‍ നുഹ്മാന്‍ നന്ദിയും പറഞ്ഞു. കാമ്പയിന്റെ ഭാഗമായി മണ്ഡലം തലത്തില്‍ സ്മൃതി പഥം, ജില്ലാ തലത്തില്‍ പദയാത്ര തുടങ്ങിയ പരിപാടികള്‍ക്ക് ശേഷം എറണാകുളത്ത് നടക്കുന്ന യുവജന മഹാറാലിയോടെ ക്യാംപയിന്‍ സമാപിക്കും.