മേപ്പാടി: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍ പൊട്ടലില്‍ സര്‍വ്വവും നഷ്ടപ്പെട്ടവര്‍ക്ക് തമിഴ്‌നാട് ജാക്, എം സി എഫ് എറണാകുളം എന്നിവരുടെ സഹകരണത്തോടെ കെ എന്‍ എം സംസ്ഥാന സമിതി നടപ്പിലാക്കുന്ന സഹായം വിതരണം ചെയ്തു. ഉരുള്‍ പൊട്ടലില്‍ കുടുംബം മൊത്തം നഷ്ടപ്പെട്ട നൗഫലിന് വേണ്ടി നിര്‍മ്മിച്ച ബേക്‌സ് ആന്റ് റസ്റ്റോറന്റ് കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനി ഉദ്ഘാടനം ചെയ്തു. വയനാട് ദുരന്തത്തിന്റെ കടുത്ത ആഘാതമേറ്റ നൗഫലിന്റെ ബേക്കറി ഉദ്ഘാടനത്തിന് വന്‍ ജനാവലിയാണ് എത്തിയത്. ആധുനിക സൗകര്യത്തോട് കൂടിയ ബേക്കറിയാണ് കെ എന്‍ എം നൗഫലിന് ഒരുക്കിയത്.
തമിഴ്‌നാട് ജാക് സഹകരണത്തോടെ ഒരു സഹോദരിക്കു ലേഡീസ് ഷോപ്പും കെ എന്‍ എം നല്‍കി. വയനാട് ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ട അമ്പതു കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് കെ എന്‍ എം പ്രഖ്യാപിച്ചിരുന്നു. ആദ്യ വീടിന്റെ നിര്‍മ്മാണം കല്‍പറ്റയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. നൂറ്റി മുപ്പത് കുടുംബങ്ങളെ കെ എന്‍ എം ഇതിനകം പുനരധിവസിപ്പിച്ചു. ഡല്‍ഹിയിലെ കേന്ദ്ര അഹ്‌ലെ ഹദീസ് കമ്മിറ്റി ഇരുപത് കുടുംബങ്ങള്‍ക്ക് പ്രത്യേക സഹായവും വിതരണം ചെയ്തു. തമിഴ്‌നാട് ജാക് എണ്‍പത് ലക്ഷം രൂപയുടെ സഹായമാണ് നല്‍കിയത്. തൊഴില്‍ ഉപകരണങ്ങള്‍, വാഹനങ്ങള്‍, പഠന ഉപകരണങ്ങള്‍ എന്നിവയെല്ലാമാണ് കെ എന്‍ എം സംസ്ഥാന സമിതി തമിഴ്‌നാട് ജാക് സഹകരണത്തോടെ മേപ്പാടിയില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തത്.
നൂറു കണക്കിന് കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റുകളും കെ എന്‍ എം വിതരണം ചെയ്തു. സഹായ വിതരണ സംഗമം കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനി ഉദ്ഘാടനം ചെയ്തു. വയനാട് ദുരന്തത്തിന്റെ ഇരകള്‍ക്ക് എത്രയും വേഗം സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയ ഭവന പദ്ധതി നടപ്പിലാക്കണമെന്ന് ടി പി അബ്ദുല്ല കോയ മദനി ആവശ്യപ്പെട്ടു. കെ എന്‍ എം അടക്കമുള്ള സാമൂഹ്യ രാഷ്ട്രീയ സംഘടനകള്‍ വാഗ്ദാനം ചെയ്ത ഭവന നിര്‍മ്മാണം ആരംഭിക്കാന്‍ സ്ഥല നിര്‍ണയം അടക്കം സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കണമെന്നും കെ എന്‍ എം പ്രസിഡന്റ് ആവശ്യപ്പെട്ടു.
ഇരകള്‍ സമരം ചെയ്ത് അവര്‍ക്ക് അര്‍ഹതപ്പെട്ട സഹായത്തിന് കാത്തിരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. കാലവിളംബം കൂടാതെ സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കണം. കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണം. ഇത്ര വലിയ ദുരന്തം നടന്നിട്ടും അര്‍ഹമായ രീതിയില്‍ സഹായം പ്രഖ്യാപിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
കെ എന്‍ എം ജില്ലാ പ്രസിഡന്റ് പോക്കര്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. ടി സിദ്ദിഖ് എം എല്‍ എ, കെ എന്‍ എം വൈസ് പ്രസിഡന്റ് ഡോ. ഹുസൈന്‍ മടവൂര്‍, കെ എന്‍ എം സംസ്ഥാന സെക്രട്ടറി ഡോ. എ ഐ അബ്ദുല്‍ മജീദ് സ്വലാഹി, ടി മുഹമ്മദ് സാഹിബ്, ശൈഖ് അബ്ദുല്‍ ഖാദിര്‍ മദനി, നൂര്‍ മുഹമ്മദ് സാഹിബ്, ടി സി അബ്ദുല്‍ മജീദ്, എസ് എ നൂറുല്‍ അമീന്‍, കെ എന്‍ മുഹമ്മദ് മലന്‍ക്, എല്‍ എം ഇല്ലിയത്തുള്ള, കെ എം കെ ദേവര്‍ഷോല, സയ്യിദ് അലി സ്വലാഹി, നജീബ് കാരാടന്‍, ത്വാഹിര്‍, ഇബ്രാഹിം മങ്കേരി, ഹംസ മദനി, ഷബീര്‍ അഹ്മദ് ബത്തേരി എന്നിവര്‍ പ്രസംഗിച്ചു.