നിന്നെയോര്‍ത്ത് ഞാനിന്നലെ ഉറങ്ങിയിട്ടില്ല….. തന്നെ തേടിയെത്തിയ ഫോണ്‍കോളോര്‍ത്തെടുത്ത് മുല്ലപ്പള്ളി

Kerala

എ വി ഫര്‍ദിസ്

കോഴിക്കോട്: ഞാനിന്നലെ ഉറങ്ങിയിട്ടില്ല, നിന്നെ ഓര്‍ത്തു കിടന്നു, നമ്മുടെ യാത്രകളും..’ വിതുമ്പലോടെ ഉമ്മന്‍ചാണ്ടിയെ ഓര്‍ത്ത് മുന്‍ കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഏപ്രില്‍ നാലിന് രാത്രിയില്‍ തന്റെ ഫോണിലേക്ക് തുടരെത്തുടരെ കോള്‍ വരുന്നു. സയലന്റ് മോഡിലായിരുന്നു, ഞാന്‍ അറിഞ്ഞില്ല. ഒടുക്കം എടുത്തപ്പോള്‍ അങ്ങേതലയ്ക്കല്‍ ഉമ്മന്‍ ചാണ്ടിയുടെ മകന്‍. വല്ലാത്ത പരിഭ്രമത്തിലായിരുന്നു സംസാരം. ‘അപ്പക്ക് സാറിനോട് സംസാരിക്കണം എന്നു പറയുന്നു. ഒന്നു വിളിക്കാന്‍ പറഞ്ഞു.’ സത്യം പറഞ്ഞാല്‍ ആ നിമിഷം ഞാനും ഉമ്മന്‍ചാണ്ടിയെ ഓര്‍ത്തതേയുള്ളൂ.’ ഉടനെ വിളിക്കാം..’ ഇന്നുവേണ്ട നാളെ രാവിലെ വിളിക്കൂ എന്ന് മകന്‍. എങ്ങിനെയാണ് അന്ന് നേരം പുലര്‍ത്തിയതെന്ന് എനിക്കറിയില്ല. രാവിലെ തന്നെ വിളിച്ചു. മകന്‍ ഫോണ്‍ ഉമ്മന്‍ ചാണ്ടിക്ക് കൈമാറി..’ രാമചന്ദ്രാ..എന്തൊക്കെയുണ്ട് വിശേഷങ്ങള്‍…ഞാനിന്നലെ ഉറങ്ങിയിട്ടില്ല, നിന്നെ ഓര്‍ത്തുകിടന്നു, നമ്മുടെ യാത്രകളും..’ അതുകേട്ടപ്പോള്‍ എന്റെ കണ്ണു നിറഞ്ഞുപോയി. മറുപടിപറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല ‘സുഖം ..സുഖമായിരിക്കുന്നു. തിരുവനന്തപുരത്ത് വന്നിട്ട് കാണാം, ഇപ്പോ അസുഖങ്ങളൊക്കെ എങ്ങനെയുണ്ട്..? അത്രയും പറഞ്ഞൊപ്പിച്ചു. പക്ഷെ അങ്ങത്തലയ്ക്കല്‍ നിന്ന് മറുപടിയൊന്നും വന്നില്ല…എത്രയോ നേരം ഒരുവാക്ക് മിണ്ടുന്നത് കേള്‍ക്കാന്‍ ഞാന്‍ ഫോണും പിടിച്ചിരിന്നു. അവസാനം കേട്ടു. പഴയപോലുള്ള ഒരു കുലുങ്ങിച്ചിരി. പിന്നീട് സംസാരിച്ചത് മകനാണ്. അപ്പായ്ക്ക് സംസാരിക്കാന്‍ പറ്റുന്നില്ല. നല്ല ക്ഷീണമുണ്ട്..ഒന്നു ശരിയായ ശേഷം പിന്നീട് വിളിക്കാം..ഫോണ്‍ മുറിഞ്ഞു.

പിന്നീടവന്‍ വിളിച്ചില്ല, അന്വേഷിക്കുമ്പോഴെല്ലാം പറ്റാത്ത അവസ്ഥയെന്ന് മറുപടി. പിന്നെ ഞാന്‍ കാത്തിരുന്നത് തിരുവനന്തപുരത്ത് വെച്ച് കാണാം എന്ന വാക്കാണ്. പൊടുന്നനെ അവന്‍ കടന്നുപോകുമ്പോള്‍ ആവാക്കും എനിക്ക് പാലിക്കാനായില്ല. ഒരുപാട് യാത്രകള്‍ ഞങ്ങള്‍ നടത്തിയിട്ടുണ്ട്. 1966ല്‍ ഞാന്‍ കെ എസ് യു ജില്ലാ പ്രസിഡന്റും ഉമ്മന്‍ചാണ്ടി സംസ്ഥാന പ്രസിഡന്റുമായിരുന്നു. അവിഭക്ത കോഴിക്കോടായിരുന്നു അന്ന്. വയനാട്ടിലൊക്കെ ഒരുപാട് പോയിട്ടുണ്ട്. കൊയിലാണ്ടിയിലെ ഒരു പെട്ടിക്കടയില്‍ നിന്നും ചായകഴിച്ചതും ഡി.സി.സി ഓഫീസിലെ ബെഞ്ചില്‍ കിടന്നുറങ്ങിയതുമെല്ലാം മരിക്കാത്ത ഓര്‍മകള്‍. ഞാന്‍ കെ.പി.സി.സി അധ്യക്ഷനായപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ മാറ്റത്തിന്റെ കാറ്റടിക്കുന്നെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ വിശേഷണം. പാര്‍ട്ടി സുഹൃത്തിനപ്പുറത്ത് കുടുംബസുഹൃത്തും ആത്മ മിത്രവുമായിരുന്നു അദ്ദേഹമെന്നും മുല്ലപ്പള്ളി പറഞ്ഞു.