കോഴിക്കോട്: തെക്കേപ്പുറം പ്രവാസി ഫുട്ബാള്‍ അസോസിയേഷന്‍ (ടെഫ) സംഘടിപ്പിക്കുന്ന ഒമ്പതാമത് പ്രവാസി ഫുട്ബാള്‍ ടൂര്‍ണമെന്റിന് ഗംഭീര തുടക്കം. കാരപ്പറമ്പ് ജിംഗ ടര്‍ഫ് ഗ്രൗണ്ടില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ സൗദി അറേബ്യയും യു എ ഇയും ഫൈനലിലെത്തി. ഞായറാഴ്ച രാവിലെ എട്ട് മണിക്കാണ് കലാശക്കളി. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ യു എ ഇ 10 ത്തിന് കുവൈത്തിനെ തോല്‍പിച്ചു. തെക്കേപ്പുറത്തെ പ്രൊഫഷണല്‍ താരമായ സായിദ് ബിന്‍ വലീദായിരുന്നു സ്‌കോറര്‍. കുവൈത്ത് ടീമിന്റെ നവേദ് കളിയിലെ താരവുമായി.
രണ്ടാം മല്‍സരത്തില്‍ നിലവിലെ ജേതാക്കളായ സൗദി മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കുവൈത്തിനെ പരാജയപ്പെടുത്തി. അസ്ഫര്‍ ഇല്യാസ്, സല്‍മാന്‍ അന്‍വര്‍, ഹബീബ് അര്‍ഷുല്‍ എന്നിവരാണ് ഗോളുകള്‍ നേടിയത്. ഒരു ഗോളും ഒരു അസിസ്റ്റും നേടിയ സൗദിയുടെ സല്‍മാന്‍ അന്‍വറാണ് രണ്ടാമത്തെ കളിയിലെ മികച്ച താരം. ടൂര്‍ണമെന്റ് മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റര്‍ പി ജെ ജോഷ്വ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ സി എം സി പ്രസിഡന്റ് പി. ഫൗസല്‍ ഹസ്സന്‍ ആശംസ പ്രസംഗം നടത്തി. അക്താബ് കെ എം, തൗഫീഖ് അഹമ്മദ്, വലീദ് പാലാട്ട്, റമീസ് അഹമ്മദ്, ഷഫീഖ് അറക്കലകം, ജാബിര്‍ കെ വി,ആമു കെപി, ബഷീര്‍ സിബിവി, റസാക്ക് സി, ജബ്ബാര്‍ എന്നിവര്‍ ടൂര്‍ണ്ണമെന്റിന് നേതൃത്വം നല്‍കി. ടെഫ ചെയര്‍മാന്‍ ആദം ഒ ജി.യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ജനറല്‍സെക്രട്ടറി യൂനുസ് പള്ളിവീട് സ്വാഗതവും ട്രഷറര്‍ ഹാഷിം കടാക്കലാകം നന്ദിയും പറഞ്ഞു. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ടെഫ മാസ്‌റ്റേഴ്‌സ് തെക്കേപ്പുറം മാസ്‌റ്റേഴ്‌സുമായി ഏറ്റുമുട്ടും. തുടര്‍ന്ന് നടക്കുന്ന ഫൈനലില്‍ സൗദി അറേബ്യ യുഎഇ യെ നേരിടും. കോഴിക്കോട് കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ മുസാഫിര്‍ അഹമ്മദ് വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കും.