കടല്‍ കടന്നെത്തിയ ചിത്ര പ്രദര്‍ശനം ശ്രദ്ധേയമാകുന്നു

Creation

വാര്‍ത്തകള്‍ 8289857951 എന്ന വാട്‌സാപ്പ് നമ്പറില്‍ അയക്കുക.

തിരുവനന്തപുരം: ഇത് ഗൗരി എസ് നായര്‍, പ്രായം 15, എന്നാല്‍ ഈ പ്രായത്തേക്കാള്‍ കവിഞ്ഞ പ്രതിഭയാണ് ഗൗരിയുടെ ചിത്രങ്ങള്‍ക്ക്. അതുകൊണ്ട് തന്നെയാണ് കടലുകള്‍ താണ്ടി തന്റെ ചിത്രം പ്രദര്‍ശിപ്പിക്കാനായി ഗൗരി തലസ്ഥാനത്ത് എത്തിയത്.

അമേരിക്കയില്‍ നോര്‍ത്ത് കരോലിനയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഗൗരി. ചെറുപ്പം മുതലേവരകളുമായി ചങ്ങാത്തം കൂടിയ ഗൗരി അവിടത്തെ നിരവധി മത്സരങ്ങളില്‍ സമ്മാനങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. അഞ്ചാം വയസില്‍ സാമാന്യം നല്ലൊരു സെല്‍ഫ് പോട്രെയ്‌റ് വരച്ചു മാതാപിതാക്കളെ വിസ്മയിപിച്ച ഗൗരി, താരതമ്യേന ബുദ്ധിമുട്ടാര്‍ന്ന കൊളാജുകള്‍ (collage) വരക്കുന്നതിലേക്കാണ് ആദ്യകാലങ്ങളില്‍ താല്പര്യം ചെലുത്തിയിരുന്നത്. വരകളുടെ കൃത്യതക്കൊപ്പം
ആശയങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും ഗൗരി ശ്രദ്ധാലുവാണ്.

ജീവിതത്തിലെ നന്മ തിന്മകളുടെ സംതുലിതം സൂചിപ്പിക്കുന്ന Ying and Yang’, മനുഷ്യ മനസിന്റെ തേങ്ങലുകളും ഒറ്റപ്പെടലും ചിതറിയ ചിന്തകളും ചിത്രീകരിക്കുന്ന ‘The Raven’, കോവിഡുകാലത്തെ മുഖങ്ങള്‍ വ്യതിരിക്തമല്ലാത്ത എണ്ണമറ്റ മരണങ്ങളെ പ്രതിനിധീകരിക്കുന്ന ‘2020’ എന്നിവ ഇവയില്‍ ചിലതാണ്. ഇതില്‍ Ying and Yang ഹൈ പോയിന്റ് യൂണിവേഴ്‌സിറ്റി ഉയര്‍ന്നു വരുന്ന 50 യുവകലാകാരന്മാരുടെ പ്രദര്‍ശനത്തിലേക്കു തിരഞ്ഞെടുത്തു. ‘The Raven’ ആകട്ടെ NCASA മത്സരത്തില്‍ രണ്ടാം സ്ഥാനം നേടുകയും ഐ റെഡില്‍ സ്‌റ്റേറ്റ്‌സ് വില്‍ സ്‌കൂളുകളുടെ (iredell statesville schools) സൂപ്രണ്ടിന്റെ ശേഖരത്തില്‍ ഉള്‍പ്പെടുത്തി വിവിധ വിദ്യാഭാസ സ്ഥാപനങ്ങളില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പ്രദശനത്തിന് തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.

അമേരിക്കയിലെ പ്രാദേശിക ഭരണകര്‍തൃത്വത്തില്‍വിദ്യാര്‍ത്ഥികളുടെ സേവനം നല്‍കുന്ന Teen Advisory Board (TAB) മൂറെസ്‌വില്‍ പബ്ലിക് ലൈബ്രറി, mooresville youth council തുടങ്ങിയവിലെ സ്ഥിരസാന്നിധ്യമാണ് ഗൗരി. പൊതുനന്മക്കു വിദ്യാര്‍ത്ഥികളെ മുതല്‍കൂട്ടാകുന്ന പ്രവര്‍ത്തനങ്ങളാണ് ഈ സമിതികളുടെ ലക്ഷ്യം. മറ്റു പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്റെ കലാപരമായ ആശയങ്ങളും ഈ സമിതികള്‍ മുഖാന്തരം ഗൗരി പ്രാവര്‍ത്തികമാകാറുണ്ട്. പ്രാദേശിക ആഘോഷങ്ങള്‍ക്ക് അനുസരിച്ച്പൊതു ഇടങ്ങളിലും പാര്‍ക്കുകളിലും കലാസൃഷ്ടികള്‍ വഴി മനോഹരമാക്കുക, സ്‌കൂളുകളിലെ പോലീസ് ഔട്ട്‌പോസ്റ്റുകള്‍ ഉദ്യോഗസ്ഥരുമായി സഹകരിച്ചു വ്യത്യസ്തങ്ങളായ ഡിസൈനുകളാല്‍ വിദ്യാര്‍ഥികള്‍ക്കു കൂടുതല്‍ ആകര്‍ഷകമായ അന്തരീക്ഷം ഒരുക്കുക, തിരഞ്ഞെടുക്കപ്പെടുന്ന ഡിസൈനുകള്‍ ആലേഖനം ചെയ്യുക തുടങ്ങിയവ ഈ പ്രവര്‍ത്തനങ്ങളില്‍പെടുന്നു.

ഗൗരിയുടെ കലാപരമായ കഴിവുകള്‍ രൂപപ്പെടുത്തുന്നതില്‍ അധ്യാപകര്‍ വഹിച്ച പങ്കും നിസ്തുലമാണ്. അധ്യാപകനായ രവീന്ദ്രന്‍ പുത്തൂര്‍ ഗൗരിയെ കോണ്ടംപററി ആര്‍ട്ടിന്റെ നൂതന സാങ്കേതികതകളില്‍ പരിശീലിപ്പിക്കുന്നു. ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ ഓയില്‍ പെയിന്റിംഗിന്റെ ശിക്ഷണവും ഗൗരിയ്ക്ക് കൂടുതല്‍ സഹായകമാണ്. തിരുവനന്തപുരത്തെ പ്രദര്‍ശനത്തിന്റെ തുടര്‍ച്ചയായി അമേരിക്കയിലും ഈചിത്രങ്ങളുടെ പ്രദര്‍ശനങ്ങള്‍ നടത്താന്‍ ഗൗരിക്ക് ഉദ്ദേശമുണ്ട്.

തിരുവനന്തപുരം വൈലോപ്പിള്ളി ഭവനില്‍ ആരംഭിച്ച ചിത്ര പ്രദര്‍ശനം സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജി ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ഥ കലാകാരന്മാരായ പ്രൊഫ. കാട്ടൂര്‍ നാരായണ പിള്ള, B D ദത്തന്‍, ശബ്‌ന ശശിധരന്‍, നേമംപുഷ്പരാജ്, കാരയ്ക്കാമണ്ഡപം വിജയകുമാര്‍, പ്രദീപ് പുത്തൂര്‍, ബൈജു ദേവ്, ഗോപിദാസ് എന്നിവരും പങ്കെടുത്തു. ജൂലൈ 26ന് പ്രദര്‍ശനം അവസാനിക്കും.