അഷറഫ് ചേരാപുരം
ദുബൈ: മലയാളിയുടെ പൂരം ആസ്വാദനം നാടുകടന്ന് അറബ് ഭൂമിയിലും. ദുബൈ ഇത്തിസലാത്ത് അക്കാദമിയിലെ പൂരപ്പറമ്പില്‍ ആയിരങ്ങള്‍ ഒത്തുചേര്‍ന്നു. തൃശൂര്‍ പൂരക്കാഴ്ചകള്‍ അതേപടി പകര്‍ത്തിക്കൊണ്ടായിരുന്നു ഇവിടെയും കഴിഞ്ഞ ദിവസം ചടങ്ങുകള്‍ നടന്നത്. കൊടിയേറ്റം, ഇരുകോല്‍ പഞ്ചാരി മേളം, മഠത്തില്‍ വരവ്, പഞ്ചവാദ്യം, കാവടിയാട്ടം, നാദസ്വരം, ഇലഞ്ഞിത്തറ പാണ്ടി മേളം, ഘോഷയാത്ര, സാംസ്‌കാരിക സമ്മേളനം, ലൈവ് ബാന്‍ഡ്, കൊടിയിറക്കം എന്നിവയെല്ലാം ഇവിടെയും പുനരാവിഷ്‌കരിക്കപ്പെട്ടു. തൃശൂര്‍ കൂട്ടായ്മയുമാണ് പൂരം സംഘടിപ്പിച്ചത്. നൂറിലേറെ വാദ്യകലാകാരന്മാര്‍ അണിനിരന്ന വാദ്യം എല്ലാവരെയും നാടിന്റെ ഉത്സവഛായയിലെത്തിച്ചു.
മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍ പ്രവാസ ലോകത്ത് ആദ്യമായൊരുക്കിയ മട്ടന്നൂര് സ്‌പെഷ്യല്‍ ഇരുകോല് പഞ്ചാരിമേളം ഏവര്‍ക്കും ആവേശമായി. പറക്കാട് തങ്കപ്പന്‍ മാരാരുടെ മേജര്‍ സെറ്റ് പഞ്ചവാദ്യവും ദുബൈ പൂരത്തിന് കേമമായ വിരുന്നായി. 100ലധികം കലാകാരന്മാരെ അണിനിരത്തി പെരുവനം കുട്ടന്‍ മാരാരുടെ നേതൃത്വത്തില്‍ ഇലഞ്ഞിത്തറ പാണ്ടി മേളവും അരങ്ങേറി. സൂരജ് സന്തോഷ്, നിത്യാ മാമന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗാനമേളയും അരങ്ങേറി. കേളി, കാളകളി, ഘോഷയാത്ര, റോബോട്ടിക്ക് ആനകള്‍, തൃശ്ശൂര്‍ കോട്ടപ്പുറം ദേശം പുലിക്കളി, നാദസ്വര മേളം, കാവടിയാട്ടം, കുടമാറ്റം എന്നിവയും പൂരനഗരിക്ക് പൊലിമ പകര്‍ന്നു.