കേന്ദ്രസര്‍ക്കാറിന്‍റെ ജനാധിപത്യ ധ്വംസനം അവസാനിപ്പിക്കണം: കെ എന്‍ എം മര്‍ക്കസുദ്ദഅവ

Malappuram

എടവണ്ണ: രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യങ്ങളെ ബോധപൂര്‍വ്വം ധ്വംസിക്കുന്ന പ്രവണത അവസാനിപ്പിച്ച് ഭരണഘടനയെ മാനിച്ച് മുന്നോട്ട് പോകാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅവ എടവണ്ണ മണ്ഡലം പ്രവര്‍ത്തക സംഗമം ആവശ്യപ്പെട്ടു. മാസങ്ങളായി മണിപ്പുരില്‍ നടക്കുന്ന വംശീയ കലാപത്തെയും അതിന്റെ ഭാഗമായി നടന്ന ക്രൂരമായ കൂട്ട ബലാത്സംഘത്തേയും കുറിച്ച് ഗൗരവമായ ചര്‍ച്ച ആവശ്യപ്പെട്ട പ്രതിപക്ഷ പാര്‍ട്ടികളെ അവഗണിച്ച് കൊണ്ട് പാര്‍ലമെന്റിന്റെ നിയമപരമായ അവകാശങ്ങളെ ലംഘിക്കുന്ന ഏകാധിപത്യ നടപടികള്‍ ഇന്ത്യന്‍ ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. ഇന്ത്യയിലെ സര്‍വ്വ പൗരന്മാരുടെയും അഭിപ്രായത്തെ പ്രതിധ്വനിപ്പിക്കുവാനുള്ള വേദിയായ പാര്‍ലമെന്റ് സഭകളെ നിരന്തരം അവഹേളിക്കുന്ന ഫാഷിസ്റ്റ് രീതി അവസാനിപ്പിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ രംഗത്ത് വരണമെന്നും സംഗമം ആവശ്യപ്പെട്ടു.

‘വിശ്വമാനവികതക്ക് വേദ വെളിച്ചം’ എന്ന പ്രമേയത്തില്‍ ജനുവരി 25 മുതല്‍ 28 വരെ കരിപ്പുരില്‍ നടക്കുന്ന പത്താമത് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി ജുലൈ 30ന് മലപ്പുറത്ത് ചേരുന്ന മധ്യമേഖല സംഗമം ഒരുക്കം പ്രീകോണിന്റെ പ്രചാരണ ഭാഗമായി സംഘടിപ്പിച്ച എടവണ്ണ മണ്ഡലം തഹ്‌രീക് പ്രതിനിധി സംഗമം കെ എന്‍ എം മര്‍ക്കസ്സുദ്ദഅവ സംസ്ഥാന ട്രഷറര്‍ എം അഹമ്മദ് കുട്ടി മദനി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ അബ്ദുല്‍ അസീസ് മദനി അധ്യക്ഷത വഹിച്ചു. കെ എന്‍ എം ജില്ല ട്രഷറര്‍ എം പി അബ്ദുല്‍ കരീം സുല്ലമി, കെ എം ബശീര്‍, വി സി സക്കീര്‍ ഹുസൈന്‍, ഐ എസ് എം ജില്ല സെക്രട്ടറി മുസ്ഫര്‍ മമ്പാട്, എം എസ് എം ജില്ല സെക്രട്ടറി അബ്‌സം കുണ്ടുതോട് പ്രസംഗിച്ചു.