ഏഴാം ക്ലാസുകാരന്‍റെ യൂട്യൂബ് ചാനലിന് യൂട്യൂബ് ക്രിയേറ്റര്‍ അവാര്‍ഡ്

Creation

പാലാ: പരസഹായമില്ലാതെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി സ്വന്തമായി തയ്യാറാക്കിയ യൂട്യൂബ് ചാനലില്‍ ചുരുങ്ങിയ കാലം കൊണ്ട് ഒരു ലക്ഷത്തില്‍പരം വരിക്കാരെ നേടി യൂട്യൂബ് ക്രിയേറ്റര്‍ അവാര്‍ഡ് നേടി. ഇതോടെ യുട്യൂബ് നല്‍കുന്ന സില്‍വര്‍ ബട്ടന് അര്‍ഹത നേടി. പാലാ ചാവറ പബ്‌ളിക് സ്‌കൂള്‍ വിദ്യാര്‍ത്ഥി കൊച്ചിടപ്പാടി മൂലയില്‍ തോട്ടത്തില്‍ എബി ജെ ജോസിന്റെ പുത്രന്‍ ജോസഫ് കുര്യനാണ് ഈ നേട്ടം കൈവരിച്ചത്. യുട്യൂബ് ക്രിയേറ്റര്‍ അവാര്‍ഡിനു അര്‍ഹത നേടിയത് സംബന്ധിച്ച് യൂ ട്യൂബിന്റെ അറിയിപ്പു കഴിഞ്ഞ ദിവസം ലഭിച്ചു.

മാസ്റ്റര്‍ എഡിറ്റിംഗ് എന്ന പേരിലുള്ള യൂ ട്യൂബ് ചാനലില്‍ വീഡിയോ എഡിറ്റിംഗ് ആപ്പുകള്‍ ഉപയോഗിച്ചു മൊബൈല്‍ ഫോണില്‍ സ്വയം എഡിറ്റു ചെയ്താണ് ജോസഫ് കുര്യന്‍ വീഡിയോകള്‍ ഉള്‍പ്പെടുത്തുന്നത്. കോപ്പി റൈറ്റ് ഇല്ലാത്ത സംഗീതം കണ്ടെത്തി വീഡിയോയില്‍ ചേര്‍ക്കും. കടുത്ത റൊണാള്‍ഡോ ആരാധകനായ ജോസഫ് കുര്യന്‍ തയ്യാറാക്കിയ വീഡിയോകളില്‍ കൂടുതലും തന്റെ ആരാധനാപാത്രമായ റൊണാള്‍ഡോയുടെ വീഡിയോകളാണ്. മെസ്സി, നെയ്മര്‍, എംപാബേ തുടങ്ങിയ നിരവധി കളിക്കാരുടെയും വീഡിയോകളും ചാനലില്‍ ഉണ്ട്. ജോസഫ് തയ്യാറാക്കിയ 277 വീഡിയോകള്‍ ഇതിനോടകം നാലേകാല്‍ കോടിയോളം ആളുകളാണ് കണ്ടത്. ഏറ്റവും കൂടുതല്‍ വീഡിയോ കണ്ടത് ഇന്ത്യാക്കാരാണ്. 60 ലക്ഷം. ബ്രസീല്‍ (30 ലക്ഷം), ഇന്‍ഡോനേഷ്യ, (20 ലക്ഷം) അമേരിക്ക, മെക്‌സിക്കോ, ടര്‍ക്കി, മെക്‌സിക്കോ, റഷ്യ, അര്‍ജന്റീന, ബംഗ്ലാദേശ്, ജര്‍മ്മനി (10 ലക്ഷം വീതം) എന്നിങ്ങനെയാണ് കാഴ്ചക്കാര്‍ ഏറ്റവും കൂടുതല്‍ ഉള്ളത്. 2021 ആഗസ്റ്റില്‍ കൊറോണാക്കാലത്താണ് യൂട്യൂബ് ചാനല്‍ ആരംഭിച്ചത്. ഒന്നര വര്‍ഷം പിന്നിട്ടപ്പോള്‍ ഒരു ലക്ഷത്തിനാലായിരത്തില്‍പരം വരിക്കാരില്‍ എത്തി നില്‍ക്കുന്നു. ഫുട്‌ബോളുമായി ബന്ധമില്ലാത്ത പേരാണ് കൊടുത്തിരുന്നതെങ്കിലും ചാനല്‍ ഹിറ്റാകുകയായിരുന്നു.

ഏതാനും വര്‍ഷം മുമ്പ് പാലായില്‍ പാലാ സ്‌പോര്‍ട്‌സ് അക്കാദമി സംഘടിപ്പിച്ച ഫുട്‌ബോള്‍ ക്യാമ്പില്‍ പങ്കെടുത്തതോടെയാണ് ജോസഫിന് ഫുട്‌ബോള്‍ പ്രിയപ്പെട്ടതായി മാറിയത്. പോര്‍ച്ചുഗല്‍ സ്വദേശിയായ ഫുട്‌ബോള്‍ കോച്ച് ജാവോ പെഡ്രോ ഫിലിപ്പായിരുന്നു പരിശീലകന്‍. കോച്ച് തിരിച്ചു പോയെങ്കിലും ഫുട്‌ബോള്‍ സംബന്ധിച്ചുള്ള സംശയ നിവാരണത്തിന് ഇപ്പോഴും കോച്ചിനെ വിളിക്കാറുണ്ട്. പഠനത്തിനൊപ്പം ഫുട്‌ബോള്‍ കളിയിലും ഫുട്‌ബോളില്‍ താത്പര്യമുള്ള ജോസഫ് കുര്യന് പിന്തുണയുമായി മാതാവ് സിന്ധു ബി മറ്റവും സഹോദരങ്ങളായ ലിയ, ദിയ, ഇവാന, കാതറീന്‍ എന്നിവരും ഉണ്ട്.

യുട്യൂബ് ക്രിയേറ്റര്‍ അവാര്‍ഡ് നേടിയ ജോസഫ് കുര്യനെ ഓവര്‍സീസ് റെസിഡന്‍സ് മലയാളി അസോസിയേഷന്‍ ടാലന്റ് പ്രൊമോഷന്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. മന്ത്രി റോഷി അഗസ്റ്റ്യന്‍ ജോസഫ് കുര്യന് ഉപഹാരം സമ്മാനിച്ചു. ജോസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. അഡ്വ സന്തോഷ് മണര്‍കാട്, മാത്യു അലക്‌സാണ്ടര്‍, എബി ജെ ജോസ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *