സത്യം തെളിഞ്ഞതില്‍ സന്തോഷം; ഇനിയെങ്കിലും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം: ഹര്‍ഷിന

Kerala

ശസ്ത്രക്രിയക്കിടെ രോഗിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും കുറ്റക്കാരാണെന്ന് പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്, എത്രമൂടിവെച്ചാലും സത്യം പുറത്തുവരുമെന്നും നടപടി വേണമെന്ന് ഹര്‍ഷിന

കോഴിക്കോട്: ശസ്ത്രക്രിയക്കിടെ രോഗിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും കുറ്റക്കാരാണെന്ന പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പ്രതികരണവുമായി ഹര്‍ഷിന. അഞ്ചുവര്‍ഷത്തോളം താന്‍ അനുഭവിച്ച വേദന ഇനിയാര്‍ക്കും സംഭവിക്കരുതെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകണമെന്നും ഹര്‍ഷിന ആവശ്യപ്പെട്ടു. മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഹര്‍ഷിനയുടെ പ്രതികരണം.

പന്തീരാങ്കാവ് മണക്കടവ് സ്വദേശിനി കെ കെ ഹര്‍ഷിനയുടെ വയറ്റിലാണ് ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങിയിരുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയയിലായിരുന്നു ഇത് സംഭവിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക മറന്നുവെച്ചത്. നീതി തേടി ഹര്‍ഷിന മാസങ്ങളായി സമരത്തിലാണ്. ഇതിനിടെയാണ് പൊലീസ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കും വരെ സമരം തുടരുമെന്ന് ഹര്‍ഷിന പറയുന്നു.

അഞ്ച് വര്‍ഷം മുമ്പാണ് ഹര്‍ഷിന കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവ ചികിത്സ തേടിയത്. സിസേറിയന് ശേഷം വലിയ ശാരീരിക പ്രയാസങ്ങള്‍ അനുഭവപ്പെട്ടിരുന്നു. മൂന്നാമത്തെ സിസേറിയന്‍ ആയതിനാലുള്ള പ്രയാസമാണെന്നാണ് കരുതിയത്. നിരവധി ചികിത്സകള്‍ തേടിയെങ്കിലും ഫലമുണ്ടായില്ല. എട്ട് മാസം മുമ്പ് നടത്തിയ സ്‌കാനിംഗിലാണ് വയറ്റില്‍ കത്രിക കുടുങ്ങിയതായി കണ്ടെത്തിയത്. മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലായിരുന്നു ശസ്ത്രക്രിയ. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ആശുപത്രിക്ക് മുന്നില്‍ സമരം ആരംഭിച്ചു. മെഡിക്കല്‍ കോളജ് നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ കത്രിക അവരുടേതല്ലെന്ന രീതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയത്. ആരോഗ്യ വകുപ്പു മന്ത്രി നേരിട്ടെത്തി ഹര്‍ഷിനയുടെ പരാതി കേള്‍ക്കുകയും നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള നടപടികള്‍ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടായില്ല. മതിയായ നഷ്ടപരിഹാരം നല്‍കാനും സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച്ചയില്‍ നീതി ആവശ്യപ്പെട്ടാണ് ഹര്‍ഷിന വീണ്ടും സമരം ആരംഭിച്ചത്.

കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നത് വരെ സമര രംഗത്തുണ്ടാവുമെന്നും സമരം തുടരുമെന്നും ഹര്‍ഷിന മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് അര്‍ഹമായ നഷ്ടപരിഹാരം കിട്ടണം. എത്ര മൂടി വച്ചാലും സത്യം പുറത്ത് വരുമെന്ന് ഹര്‍ഷിന കൂട്ടിച്ചേര്‍ത്തു. താന്‍ പറഞ്ഞതില്‍ ഒരു ശതമാനം പോലും കള്ളമില്ലെന്ന് തെളിഞ്ഞു. കുറ്റക്കാരായ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവണം. ഇനിയൊരാള്‍ക്കും ഈ അവസ്ഥ ഉണ്ടാകരുതെന്നും ഹര്‍ഷിന പറഞ്ഞു.

ഹര്‍ഷിനയ്ക്ക് 2017 നവംബര്‍ 30 പ്രസവ ശസ്ത്രക്രിയ നടന്നതിന് ശേഷം വേദന ഒഴിഞ്ഞ സമയം ഉണ്ടായിട്ടില്ല. മൂത്ര സഞ്ചിയില്‍ കുത്തി നില്‍ക്കുന്ന നിലയില്‍ കത്രികയുമായി അഞ്ച് വര്‍ഷം വേദന തിന്നു ജീവിക്കക്കേണ്ടി വന്നു. 12 സെന്റിമീറ്റര്‍ നീളവും 6 സെന്റിമീറ്റര്‍ വീതിയുമുള്ള കത്രിക കുത്തി നിന്നതിലൂടെ മൂത്ര സഞ്ചിയില്‍ മുഴ ഉണ്ടായി. വേദന മാറാന്‍ പല ആശുപത്രിയിലും ചികിത്സ ചെയ്‌തെങ്കിലും ഫലം കണ്ടില്ല. പിന്നീട് സ്വകാര്യ ആശുപത്രിയിലെ സി ടി സ്‌കാനിംഗിലാണ് മൂത്രസഞ്ചിയില്‍ കത്രിക കണ്ടെത്തുന്നത്. തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ വെച്ച് തന്നെ വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുക്കുകയായിരുന്നു. എന്നാല്‍ ഹര്‍ഷിനയോട് നീതി കാണിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകാതിരുന്നതോടെയാണ് സമരത്തിനിറങ്ങിയത്.