മദ്‌റസകള്‍ക്ക് നേരെ ദുരാരോപണമുന്നയിച്ച് സാമൂഹിക ധ്രുവീകരണമുണ്ടാക്കരുത്: വിസ്ഡം വിദ്യാഭ്യാസ ബോര്‍ഡ്

Kozhikode

കോഴിക്കോട്: കേരളത്തിലെ മദ്‌റസകള്‍ക്കും അധ്യാപകര്‍ക്കും സര്‍ക്കാര്‍ ശമ്പളവും ധനസഹായവും നല്‍കുന്നുണ്ടെന്ന വ്യാജ പ്രചാരണത്തിലൂടെ സമൂഹത്തില്‍ ഛിദ്രതയുണ്ടാക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വിസ്ഡം മദ്‌റസാ വിദ്യാഭ്യാസ ബോര്‍ഡ് സംസ്ഥാന സമിതി മദ്‌റസാ പ്രധാനധ്യാപകര്‍ക്കായി സംഘടിപ്പിച്ച ഉത്തര മേഖലാ ശില്‍പശാല അഭിപ്രായപ്പെട്ടു.

പ്രാദേശിക സംഘാടകര്‍ ഉദാരമതികളില്‍ നിന്ന് പണം പിരിവെടുത്ത് നടത്തുന്ന മദ്‌റസകള്‍ക്ക് സര്‍ക്കാരില്‍ നിന്ന് ഒരു ആനുകൂല്യവും ലഭിക്കുന്നില്ല. മദ്‌റസാ കമ്മറ്റികള്‍ക്കാകട്ടെ അതില്‍ ഒരു പരിഭവവുമില്ല. സമൂഹത്തില്‍ ധ്രുവീകരണവും വിദ്വേഷവും പ്രചരിപ്പിക്കാന്‍ വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന സംഘപരിവാര ആരോപണങ്ങള്‍ക്ക് സര്‍ക്കാര്‍ വസ്തുനിഷ്ഠമായ മറുപടി നല്‍കണം.

സംസ്‌കാരവും സ്വഭാവ നിഷ്ഠയും രൂപപ്പെടുത്തുന്ന മദ്‌റസകള്‍ സമൂഹത്തില്‍ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ സംഭാവനകളാണ് നല്‍കുന്നതെന്നും അതിനെ സംശയിപ്പിക്കുന്ന പ്രചാരണത്തില്‍ നിന്ന് മാറിനില്‍ക്കണമെന്നും വിസ്ഡം അധ്യാപക ശില്‍പശാല അഭിപ്രായപ്പെട്ടു.

വിസ്ഡം പണ്ഡിത സഭയായ ലജ്‌നത്തുല്‍ ബുഹുഥുല്‍ ഇസ്ലാമിയ്യ സംസ്ഥാന പ്രസിഡന്റ് സി കുഞ്ഞി മുഹമ്മദ് മദനി പറപ്പൂര്‍ ഉദ്ഘാടനം ചെയ്തു. വിസ്ഡം വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി റഷീദ് മാസ്റ്റര്‍ കാരപ്പുറം അധ്യക്ഷത വഹിച്ചു. വിസ്ഡം സംസ്ഥാന ജനറല്‍ സെക്രട്ടറി ടി കെ അശ്‌റഫ്, ട്രഷറര്‍ കെ സജാദ്, വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍ ഹുസൈന്‍ ടി കാവനൂര്‍, റഷീദ് കുട്ടമ്പൂര്‍, ഡോ. ഷിയാസ് സ്വലാഹി, യാസര്‍ സ്വലാഹി, എം കെ ഇര്‍ഫാന്‍ സ്വലാഹി, ഐ പി മൂസ മദനി, ഷൗക്കത്തലി അന്‍സാരി, അബ്ദുന്നാസര്‍ മദനി കോഴിക്കോട്, അന്‍വര്‍ സ്വലാഹി വയനാട്, അബ്ദുല്‍ ഖാദര്‍ കണ്ണൂര്‍ പ്രസംഗിച്ചു.