ഏക സിവില്‍ കോഡ്: മുസ്‌ലിം കോ ഓഡിനേഷന്‍ കമ്മിറ്റി ബഹുജന സെമിനാര്‍ നാളെ

Kerala

കോഴിക്കോട്: ഏക സിവില്‍ കോഡ് വിഷയത്തില്‍ മുസ്‌ലിം കോ ഓഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ബഹുജന സെമിനാര്‍ നാളെ. കോഴിക്കോട് അബ്ദുറഹ്മാന്‍ സാഹിബ് മെമ്മോറിയല്‍ കണ്ടംകുളം ജൂബിലി ഹാളില്‍ വൈകിട്ട് 4ന് നടക്കുന്ന സെമിനാര്‍ തമിഴ്‌നാട് മന്ത്രിയും നിയമജ്ഞനുമായ അഡ്വ. മാ. സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്യും. കോ ഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും.

ഏക സിവില്‍ കോഡ് ഭരണഘടനാപരമായി അനുവദിക്കപ്പെട്ട അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണെന്നും എല്ലാ വിഭാഗം ജനങ്ങളെയും ഇത് ബാധിക്കുമെന്നും തിരിച്ചറിഞ്ഞുകൊണ്ടാണ് മുസ്‌ലിം കോ ഓഡിനേഷന്‍ കമ്മിറ്റി സെമിനാര്‍ സംഘടിപ്പിക്കുന്നതെന്നും എല്ലാ മുഖ്യാധാര രാഷ്ട്രീയ പാര്‍ട്ടികളേയും മതസംഘടനകളേയും സെമിനാറിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും കോ ഓഡിനേഷന്‍ കമ്മിറ്റി സംഘാടക സമിതി അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഏക സിവില്‍ക്കോടിനോട് അനുകൂല നിലപാടുള്ള പാര്‍ട്ടികളേയും സംഘടനകളേയും മാത്രമേ സെമിനാറിലേക്ക് ക്ഷണിക്കുന്നില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളു. ഒരു ദേശീയ പ്രശ്‌നമെന്ന നിലയില്‍ ഏക സിവില്‍ കോഡിനെ സമീപിക്കാനും സമൂഹത്തില്‍ പ്രതിരോധം തീര്‍ക്കാനും നിലയില്‍ ധ്രുവീകരണത്തിന് ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ സെമിനാര്‍ ലക്ഷ്യമിടുന്നതായി സംഘാടകര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി അംഗങ്ങളായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, നാസര്‍ ഫൈസി കൂടത്തായി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, ശിഹാബ് പൂക്കോട്ടൂര്‍, ഇ പി അശ്‌റഫ് ബാഖവി, സി മരക്കാര്‍ കുട്ടി, കെ സജ്ജാദ്, റഫീഖ് നല്ലളം എന്നിവര്‍ പങ്കെടുത്തു.