കോട്ടയം: വീണ വിജയനെതിരെ വീണ്ടും ആരോപണമുന്നയിച്ച് മാത്യു കുഴല്‍ നാടന്‍ എം എല്‍ എ. മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ കമ്പനി സി എം ആര്‍ എല്ലില്‍ നിന്ന് കൂടുതല്‍ പണം വാങ്ങിയെന്നാണ് മാത്യു കുഴല്‍നാടന്‍ പറയുന്നത്. സി പി എമ്മിന്റെ പൊളിറ്റിക്കല്‍ ഫണ്ടിംഗ് ആണ് വീണയുടെ കമ്പനിയില്‍ നടന്നത്. അതുകൊണ്ടാണ് കമ്പനിയുടെ സെക്യൂരിറ്റി ഏജന്‍സിയായി സി പി എം മാറിയത്. ഇതിന്റെ ചീഫ് സെക്യൂരിറ്റി ഓഫീസറായി സി പി എം സെക്രട്ടറി എം വി ഗോവിന്ദന്‍ മാറിയിരിക്കുകയാണെന്നും മാത്യു കുഴല്‍നാടന്‍ പറയുന്നു.
വീണയുടെ വിഷയത്തില്‍ താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി കിട്ടാത്തതു കൊണ്ടാണ് വീണ്ടും രംഗത്തു വന്നത്. അഴിമതിക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം ജനം ആഗ്രഹിക്കുന്നുണ്ട്. അത് തുടരുക തന്നെ ചെയ്യുമെന്ന് കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാത്യു കുഴല്‍ നാടന്‍ പറഞ്ഞു. വീണയുടെ കമ്പനിക്ക് 2015-16ല്‍ 44 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ആ സമയം കര്‍ത്തയുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള കമ്പനിയില്‍ നിന്ന് 25 ലക്ഷം രൂപ നല്‍കി. തുടര്‍ന്നിത് 36 ലക്ഷം ആക്കി. 2014 മുതല്‍ വീണ വിജയന്‍ നടത്തിയ കമ്പനിയില്‍ 63 ലക്ഷത്തിലേറെ രൂപ നഷ്ടം വന്നു എന്നാണ് ഔദ്യോഗിക രേഖകള്‍. കമ്പനി നിലനിര്‍ത്താന്‍ 78 ലക്ഷത്തോളം രൂപ വീണ സ്വന്തം പണം കമ്പനിയില്‍ നിക്ഷേപിച്ചു എന്നാണ് രേഖകള്‍. 2017, 18, 19 കാലഘട്ടത്തില്‍ 1.72 കോടി അല്ലാതെ 42,48000 രൂപയും സി എം ആര്‍ എല്‍ വീണയുടെ കമ്പനിക്ക് ലഭിച്ചു. ഇതു കൂടാതെ 36 ലക്ഷം രൂപ കര്‍ത്തയുടെ ഭാര്യയുടെ കമ്പനിയില്‍ നിന്നും വീണയുടെ കമ്പനിക്ക് ലഭിച്ചു. 1.72 ലക്ഷം രൂപ കമ്പനികള്‍ തമ്മിലുള്ള കരാറിന്റെ പേരില്‍ ആണ് വീണയുടെ കമ്പനി വാങ്ങിയതെങ്കില്‍ ഇതിനുള്ള ജി എസ് ടി നികുതി വീണയുടെ കമ്പനി ഒടുക്കിയിരുന്നോ എന്ന് സി പി എം വ്യക്തമാക്കണമെന്ന് മാത്യു കുഴല്‍ നാടന്‍ ആവശ്യപ്പെട്ടു. 6 ലക്ഷം രൂപ മാത്രമാണ് വീണയുടെ കമ്പനി ജിഎസ്ടി അടച്ചത്. 30 ലക്ഷത്തോളം രൂപ ജിഎസ്ടി ഒടുക്കേണ്ടിടത്താണ് ഇത്. ഈ വിഷയം പരാതിയായി ധനമന്ത്രിക്ക് ഇമെയിലില്‍ താന്‍ ഇപ്പോള്‍ നല്‍കുകയാണ്. ഒന്നുകില്‍ വീണ മാസപ്പടി വാങ്ങിയെന്ന് അംഗീകരിക്കണം. ഇല്ലെങ്കില്‍ നികുതി വെട്ടിച്ചത് മാത്യു കുഴല്‍നാടനല്ല വീണയാണെന്ന് സമ്മതിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അഴിമതിക്കെതിരായ പോരാട്ടത്തില്‍ നിന്ന് പിന്നോട്ടില്ല. വിജിലന്‍സ് ഉറങ്ങുകയാണോ. കോടതികളില്‍ മാത്രമാണ് വിശ്വാസം. ധനമന്ത്രിക്ക് ധൈര്യമുണ്ടോ എന്ന് നോക്കട്ടെ. എന്നിട്ട് ബാക്കി നടപടികളിലേക്ക് കടക്കും. ഈ വിഷയവുമായി മുന്നോട്ടു പോകാന്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ തനിക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
വീണ വിജയന്‍ ഒരു കമ്പനിയില്‍ നിന്ന് മാത്രമല്ല ഇത്തരത്തില്‍ പണം വാങ്ങിയിട്ടുള്ളത്. ഒരു കുടുംബത്തിന്റെ കൊള്ളയാണ് കേരളത്തില്‍ നടക്കുന്നത്. വീണയുടെ കമ്പനി വിദേശ നാണ്യം വാങ്ങിയതായി രേഖകള്‍ ഉണ്ട്. എന്നാല്‍ വിദേശത്ത് എന്ത് സേവനമാണ് നല്‍കിയത് എന്ന് എവിടെയും വ്യക്തമാക്കിയിട്ടില്ല. മാധ്യമങ്ങള്‍ക്കും ഈ ചോദ്യങ്ങള്‍ ചോദിക്കാന്‍ ഭയമാണോയെന്നും മാത്യു കുഴല്‍നാടന്‍ ചോദിച്ചു.