മുട്ടില്‍മരം മുറി; കുറ്റവാളികള്‍ രക്ഷപ്പെടില്ല: മന്ത്രി എ കെ ശശീന്ദ്രന്‍

Kerala

കോഴിക്കോട്: മുട്ടില്‍ മരംമുറിക്കേസിലെ കുറ്റവാളികള്‍ രക്ഷപ്പെടില്ലെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. മരം മുറിച്ചത് പട്ടയഭൂമിയില്‍ നിന്നു തന്നെയെന്നും ആരും രകഷപ്പെടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം ഫലപ്രദമായി നടക്കുന്നുണ്ട്. കുറ്റവാളികളെ ശിക്ഷിക്കും. തുടക്കം മുതല്‍ തന്നെ വനംവകുപ്പിന്റെ നിലപാട് ഇതുതന്നെയാണെന്നും മന്ത്രി വ്യക്തമാക്കി.

ഏതു കേസിലും പ്രതികള്‍ രക്ഷപ്പെടാനുള്ള വഴികള്‍ കണ്ടെത്തും. സര്‍ക്കാരിന്റെ ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ടാണ് മുട്ടില്‍ പോലുള്ള ഇടങ്ങളില്‍ മരംമുറി നടന്നതെന്ന് നേരത്തെ തന്നെ മനസിലാക്കിയതാണ്. ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്തു എന്ന് ബോധ്യപ്പെട്ടപ്പോഴാണ് ആ ഉത്തരവ് മരവിപ്പിച്ചു കൊണ്ട് നിര്‍ദേശം നല്‍കിയത്.

ഒരുഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്താണ് ഈ സംഭവങ്ങള്‍ നടന്നതെന്ന വാദം സര്‍ക്കാര്‍ ഉന്നയിച്ച പശ്ചാത്തലത്തില്‍ പ്രത്യേക അന്വേഷണ സംഘം തന്നെ എല്ലാ കാര്യങ്ങളും അന്വേഷിച്ചു. ഡിപ്പാര്‍ട്‌മെന്റ് കണ്ടെത്തിയ നിഗമനങ്ങളും അവര്‍ക്ക് സമര്‍പ്പിച്ചു. അവര്‍ കേസെടുത്താല്‍ സസ്‌പെന്‍ഷന്‍ പോലുള്ള നടപടികളിലേക്ക് മുകളിലുള്ള ശിക്ഷ നടപടികളിലേക്ക് പോകാനാകും. അന്നു തന്നെ സസ്‌പെന്‍ഷന്‍ പോലുള്ള നടപടികളിലേക്കു പോയി കേസ് അവസാനിപ്പിക്കാമായിരുന്നു. എന്നാല്‍ അങ്ങനെ ചെയ്താല്‍ ബന്ധപ്പെട്ട എല്ലാവരും രക്ഷപ്പെടും. അങ്ങനെ രക്ഷപ്പെട്ടാല്‍ പോരാ എന്ന നിലപാടാണ് സര്‍ക്കാരെടുത്തതെന്നും ശശീന്ദ്രന്‍ പറഞ്ഞു.