കോഴിക്കോട്: ‘ഒരു രാജ്യം; ഒരു തെരഞ്ഞെടുപ്പ്’ എന്ന മുദ്രാവാക്യത്തോടെ, രാജ്യത്തെ മുഴുവന്‍ നിയമസഭകളിലേക്കും ലോക്സഭയിലേക്കും ഒരേ സമയം തെരഞ്ഞെടുപ്പ് നടത്താനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കത്തിനു പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്നും സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങളാണ് അതിനു പ്രേരണയെന്നും ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് ദേവര്‍കോവിലും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും അഭിപ്രായപ്പെട്ടു.
രാഷ്ട്ര ശില്പികളോ ഭരണഘടനാ നിര്‍മാണ സഭയോ ഭാവനയില്‍ പോലും കാണാത്ത ഒരാശയമാണിത്. ഒറ്റത്തെരഞ്ഞെടുപ്പ് ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ അപ്രായോഗികവും അപ്രസക്തവുമാണ്. ജനാധിപത്യവും ഫെഡറലിസവും അട്ടിമറിക്കാനുള്ള സംഘ്പരിവാര്‍ അജണ്ടയാണ് ധൃതിപിടിച്ചുള്ള ഇപ്പോഴത്തെ നീക്കത്തിന് കാരണം. ‘ഇന്ത്യ’ രാഷ്ട്രീയ കൂട്ടായ്മയുടെ വരവും പ്രതിപക്ഷ ഐക്യ മുന്നേറ്റവും ബി.ജെ.പിയെ ഭയപ്പെടുത്തുന്നുണ്ട്. ഒറ്റത്തെരഞ്ഞെടുപ്പ് ഇല്ലാത്തതല്ല രാജ്യത്തിന്റെ പ്രശ്നം. വര്‍ഗീയതയും വെറുപ്പും വിദ്വേഷവും പടര്‍ത്തി, ജനക്ഷേമവും രാജ്യത്തിന്റെ സുരക്ഷയും മറന്ന ഹിന്ദുത്വ സര്‍ക്കാറിന്റെ പുതിയ നീക്കത്തെ മതേതര ജനാധിപത്യ ശക്തികളും വ്യക്തികളും ഒറ്റക്കെട്ടായി എതിര്‍ത്തു തോല്പിക്കണമെന്ന് ഐ.എന്‍.എല്‍ നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.