കോഴിക്കോട്: ദര്‍ശനം സാംസ്‌കാരിക വേദിയുടെയും ഗ്രന്ഥാലയത്തിന്റെയും ജൂബിലി പ്രഭാഷണ പരമ്പര പുസ്തക ചര്‍ച്ചയോടെ ആരംഭിയ്ക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ സഹകരണത്തോടെ കാളാണ്ടിത്താഴം ദര്‍ശനം എം എന്‍ സത്യാര്‍ഥി ഹാളില്‍ ഡിസംബര്‍ രണ്ടിന് 2.30ന് മുന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എം എ ബേബി ഉദ്ഘാടനം ചെയ്യും.
ദര്‍ശനത്തിന്റെ രജതജൂബിലി വര്‍ഷത്തില്‍ ആറ് ഗ്രന്ഥങ്ങളെ ആസ്പദമാക്കി വിഭാവനം ചെയ്ത പുസ്തകചര്‍ച്ച ലതാലക്ഷ്മിയുടെ ‘ചെമ്പരത്തി’ എന്ന കഥാസമാഹരത്തെ അടിസ്ഥാനമാക്കിയാണ് ആരംഭിക്കുന്നത്. ജൂബിലിവര്‍ഷത്തില്‍ രണ്ടുമാസത്തില്‍ ഒരിയ്ക്കല്‍ പുസ്തക സംവാദം സംഘടിപ്പിയ്ക്കും. കഥാകാരി ലതാല്ക്ഷ്മിയും എത്തിച്ചേരുന്ന ചര്‍ചയില്‍ ദേശാഭിമാനി വാരിക പത്രാധിപര്‍ ഡോ. കെ പി മോഹനന്‍ ‘ചെമ്പരത്തി: വര്‍ത്തമാനത്തിന്റെ രൂപകങ്ങള്‍’ എന്ന പേരില്‍ വിമര്‍ശന പഠനം അവതരിപ്പിക്കും. കൊടുവള്ളി ഗവ: കോളെജിലെ മലയാളം അധ്യാപിക ഡോ. കെ മഞ്ജു സംസാരിക്കും. അഡ്വ. പി എന്‍ ഉദയഭാനു, ടി വി ലളിത പ്രഭ, ഡോ. എ കെ അബ്ദുള്‍ ഹക്കീം, അനിമോള്‍, കെ സുരേഷ് കുമാര്‍, മനോഹര്‍ തോമസ് എന്നിവര്‍ സംസാരിക്കും. ലതാലക്ഷ്മിയുടെ 5 രചനകളുടെ ചിത്രീകരണം പ്രമുഖ പെയിന്റര്‍മാര്‍ തത്സമയം നിര്‍വഹിക്കും. കവിത മുഖധേ പ്യാധായ (ചെമ്പരത്തി), ഫ്രാന്‍സിസ് കോടങ്കണ്ടത്ത് (പാമരം കുന്നിന്റെ താഴ്‌വാരത്ത്), കെ സുധീഷ് (ഗുണ്ടല്‍പേട്ടിലെ മഴമരങ്ങള്‍), ജോസഫ് എം. വര്‍ഗീസ് ( മണ്ണാങ്കട്ടകള്‍ രൂപങ്ങള്‍ തേടുമ്പോള്‍), സുനില്‍ അശോകപുരം (പാഴ് യന്ത്രം) എന്നിവര്‍ നടത്തുന്ന തത്സമയ പെയിന്റിംഗില്‍ പ്രതാപ് മൊണാലിസ ക്യൂറേറ്റര്‍ ആയിരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ സെക്രട്ടറി എം എ ജോണ്‍സണ്‍, ജോയിന്റ് സെക്രട്ടറി കൊല്ലറയ്ക്കല്‍ സതീശന്‍, പു ക സ ടൗണ്‍ മേഖല വൈസ് :പ്രസിഡന്റ് കുര്യന്‍ ജോണ്‍, ആര്‍ട്ടിസ്റ്റ് പ്രതാപ് മൊണാലിസ എന്നിവര്‍ പങ്കെടുത്തു.