ഐ ജി എം ഖുര്‍ആന്‍ തബ്ദീല്‍ സീസണ്‍ 10 ഗ്രാന്‍ഡ് ഫിനാലെ സമാപിച്ചു

Kozhikode

കോഴിക്കോട്: വേദവചനങ്ങളിലെ വൈവിധ്യം നുകരാന്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് അവസരമൊരുക്കി തബ്ദീല്‍ പത്താം ഘട്ട ഖുര്‍ആന്‍ വിജ്ഞാന മത്സരം പ്രൗഡോജ്വലമായി സമാപിച്ചു. ഇസ്ലാമിലെ സ്ത്രീ സമൂഹത്തെ അസ്വാതന്ത്ര്യത്തിന്റെയും വിവേചനത്തിന്റേയും പ്രതീകമാക്കി വാഴ്ത്തപ്പെടുന്ന സാഹചര്യത്തില്‍ വിശുദ്ധ ഖുര്‍ആനിലെ സ്ത്രീകളുമായി ബന്ധപ്പെട്ട വചനങ്ങളുടെ ആശയ വ്യുല്‍പത്തിയും ആവിഷ്‌കാര ശൈലിയും പ്രത്യേകതകളും ആഴത്തില്‍ ഗ്രഹിക്കാന്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഗ്രാന്‍ഡ് ഫിനാലെയിലൂടെ സാധ്യമായി.

കെ എന്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡോ: ജമാലുദീന്‍ ഫാറൂഖി, ഡോ: ജാമിര്‍ അമാനി, ശിഹാബ് മങ്കട, അബ്ദുല്‍ ബാസിത്ത് എന്നിവര്‍ വിധികര്‍ത്താക്കളായി. അഫ്‌നിദ പുളിക്കല്‍, ഫാത്തിമ ഹിബ.സി, നദ നസ്‌റിന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ ജില്ലകളില്‍ നിന്നും ഇരുപത്തിനാല് മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. ഹിബ നൗഷാദ്, മുസ്ബിറ ലാമിയ (മലപ്പുറം ഈസ്റ്റ് ജില്ല) എന്നിവര്‍ ഒന്നാം സ്ഥാനവും, സജ ഫാത്തിമ, ആയിഷ നസ്‌റിന്‍ (കോഴിക്കോട് സൗത്ത് ജില്ല)രണ്ടാം സ്ഥാനവും ഫിദ നൗഷാദ്, റിഫ ഇബ്രാഹീം(മലപ്പുറം വെസ്റ്റ് ജില്ല) എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.