മണിപ്പൂരിലേത് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സ്‌പോണ്‍സേഡ് അജണ്ട: ആനിരാജ

Kerala

കോഴിക്കോട്: മണിപ്പൂരിലേത് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സ്‌പോണ്‍സേഡ് അജണ്ടയാണെന്ന് മണിപ്പൂര്‍ സന്ദര്‍ശിച്ച സി പി ഐ ദേശിയ കൗണ്‍സില്‍ അംഗം ആനിരാജ പറഞ്ഞു. മണിപ്പൂര്‍ കലാപം സംബന്ധിച്ച് മറുപടി പറയേണ്ടത് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളാണ്. അവരുടെ സ്‌പോണ്‍സേഡ് അജണ്ടയാണിത്. ഒന്നിച്ച് നില്‍ക്കാനാണ് ഗോത്ര ജാതി ഭേദമന്യേ മണിപ്പൂരികള്‍ ആഗ്രഹിക്കുന്നത്. അവരെ ഭിന്നിപ്പിച്ച് തമ്മിലടിപ്പിച്ച് നേട്ടം കൊയ്യാനുള്ള തന്ത്രം സംസ്ഥാനത്തേയും കേന്ദ്രത്തിലേയും ബി ജെ പി സര്‍ക്കാരിന്റെ താല്‍പര്യപ്രകാരമുളളതാണെന്നും ആനിരാജ കൂട്ടി ചേര്‍ത്തു. സി പി ഐ കോഴിക്കോട് ജില്ലാകമ്മറ്റി സംഘടിപ്പിച്ച മണിപ്പൂര്‍ ഐക്യദാര്‍ഢ്യസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആനിരാജ.

മണിപ്പൂരില്‍ കലാപം കത്തിക്കയറുമ്പോള്‍ പ്രധാനമന്ത്രി അമേരിക്കന്‍ ജനതയുമായുള്ള സംവാദത്തിലായിരുന്നു. വീടും കുടിയും നഷ്ടപ്പെട്ട ഒരു ജനത സ്വന്തം രാജ്യത്ത് ദുരിതമനുഭവിക്കുമ്പോള്‍ കലാപം അവസാനിപ്പിക്കണമെന്ന ആഹ്വാനം പോലും അദ്ദേഹത്തില്‍ നിന്നുണ്ടായില്ല. അവസാനം രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തും വിധമുള്ള ഒരു വീഡിയോ പരന്നപ്പോള്‍മാത്രമാണ് അദ്ദേഹം രണ്ടുവാക്ക് മിണ്ടിയത്. ശരിയായ അര്‍ഥത്തില്‍ കേന്ദ്രത്തിന്റെ ഇടപെടല്‍ ഉണ്ടായിരുന്നെങ്കില്‍ മണിപ്പൂരില്‍ ഒരു കലാപമുണ്ടാകുമായിരുന്നില്ല. സംസ്ഥാനത്തെ ബി ജെ പി സര്‍ക്കാരും അതേ നിലപാട് സ്വീകരിച്ചു. കലാപത്ത നിയന്ത്രിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കാതെ മുഖ്യമന്ത്രി മിണ്ടാതിരുന്നു. അവസാനം രാജികത്തുമായി നടന്നപ്പോള്‍ ജനം അത് തടഞ്ഞു. ഇപ്പോഴത്തെ കലാപം ഉണ്ടാക്കിയത് സര്‍ക്കാരാണെന്നും അത് അവസാനിപ്പിച്ചശേഷം മതി രാജിയെന്നും സര്‍ക്കാരിനെ പിന്തുണക്കുന്നവരും വിയോജിക്കുന്നവരുമടക്കം നിലപാടെടുത്തു. അങ്ങനെയാണ് മുഖ്യമന്ത്രി രാജിയില്‍ നിന്നും പിന്‍വാങ്ങിയതെന്നും ആനിരാജ പറഞ്ഞു.

രണ്ടുമാസം നീണ്ട കലാപം മണിപ്പൂരില്‍ ഉണ്ടാക്കിയത് ഹൃദയഭേദകമായ ദൃശ്യങ്ങളാണ്. ദുരിതാശ്വാസക്യാമ്പുകളില്‍ ഭക്ഷണം പോലും കിട്ടാത്ത അവസ്ഥയായിരുന്നു. അക്രമങ്ങള്‍ക്കിടെ കിലോമീറ്ററോളം ഓടി മരത്തില്‍ രക്ഷ തേടിയ ഗര്‍ഭിണികളെയടക്കം താന്‍ അവിടെ കണ്ടിരുന്നു. ഇത് കേവലം ഇരുവിഭാഗങ്ങള്‍ക്കിടയിലെ സ്പര്‍ദ്ധയോ സംഘര്‍ഷമോ അല്ല. സംസ്ഥാന സര്‍ക്കാരും ആര്‍ എസ് എസും സ്‌പോണ്‍സേഡ് ചെയ്ത അജണ്ടയാണ്. 2025 ഓടെ രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കാനുള്ള ആര്‍ എസ് എസ് അജണ്ട. ഗുജറാത്തില്‍ വിജയം കണ്ടശേഷം ബീഹാറിലും ഒറീസയിലും ജാര്‍ഗണ്ഡിലുമെല്ലാം പരീക്ഷിച്ച് കൊണ്ടിരിക്കുന്ന അജണ്ട. അതിനൊപ്പം കോര്‍പറേറ്റ് താല്‍പര്യവുമുണ്ട്. അതിനുവേണ്ടിയാണ് വനസംരക്ഷണനിയമം പാസാക്കാനൊരുങ്ങുന്നത്. അങ്ങനെ വരുമ്പോള്‍ മണിപ്പൂരിലെ വലിയൊരുവിഭാഗം വരുന്ന ക്രിസ്ത്യന്‍ വിഭാഗം കുടിയിറങ്ങേണ്ടിവരും. ആദാനിയാണ് കുടിയിറക്കപ്പെടുന്നവരുടെ വനമടങ്ങിയ പ്രദേശങ്ങളില്‍ കണ്ണും നട്ടിരിക്കുന്നതെന്നും ആനിരാജ പറഞ്ഞു.

മാനാഞ്ചിറ ഡി ഡി ഇ ഓഫീസ് പരിസരത്ത് സി പി ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മണിപ്പൂര്‍ ഐക്യദാര്‍ഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സി പി ഐ ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ സെക്രട്ടറി സത്യന്‍ മൊകേരി, പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരുമായ പി കെ ഗോപി, ഡോ. ഖദീജ മുംതാസ്, സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ ടി വി ബാലന്‍, അഡ്വ. പി വസന്തം, സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി കെ രാജന്‍ മാസ്റ്റര്‍, ജില്ലാ അസി. സെക്രട്ടറി പി കെ നാസര്‍, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് അഡ്വ. കെ പി ബിനൂപ്, എഐഎസ്എഫ് സംസ്ഥാന ജോ. സെക്രട്ടറി സി കെ ബിജിത്ത് ലാല്‍ എന്നിവര്‍ സംസാരിച്ചു. സിപിഐ ജില്ലാ അസി. സെക്രട്ടറി അഡ്വ. പി ഗവാസ് സ്വാഗതവും പി അസീസ് ബാബു നന്ദിയും പറഞ്ഞു.