കോഴിക്കോട്: മലയോര മേഖലയുടെ ഉത്സവമായ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് ആരംഭം കുറിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. കുതിച്ചൊഴുകുന്ന ഇരുവഞ്ഞിക്കും ചാലിപ്പുഴയ്ക്കും മേലേ അതിസാഹസികതയുടെ കയ്യൊപ്പു ചാര്‍ത്തുന്ന അഭ്യാസപ്രകടനങ്ങള്‍ കാണാന്‍ കോടഞ്ചേരിയിലേക്ക് സഞ്ചാരികളെത്തും. മലബാര്‍ റിവര്‍ ഫെസ്റ്റിവലിനെ വരവേല്‍ക്കാന്‍ മലയോരം ഒരുങ്ങി. ജൂലൈ 29 മുതല്‍ വിവിധ പരിപാടികളാണ് പുഴയുത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.
ഫെസ്റ്റിവലിന്റെ ഭാഗമായി ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലും നടക്കുന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി ഓമശ്ശേരി റൊയാഡ് ഫാം ഹൗസില്‍ ജൂലൈ 29ന് മഡ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റും കോടഞ്ചേരിയില്‍ നിന്നും പുല്ലൂരാംപാറയിലേക്ക് ക്രോസ് കണ്‍ട്രി മത്സരവും നടക്കും. ജൂലൈ 30ന് കോഴിക്കോട്ടുനിന്നും കല്പറ്റയില്‍ നിന്നും അരീക്കോട് നിന്നും പുലിക്കയത്തേക്ക് സൈക്ലിങ് ടൂറും, കോടഞ്ചേരിയില്‍ ട്രിലത്തോണ്‍ മത്സരവും സംഘടിപ്പിക്കും. തുഷാരഗിരിയില്‍ നിന്ന് കക്കാടംപൊയിലിലേക്ക് മഴനടത്തവും ഉണ്ടാകും.
ജൂലൈ 31 മുതല്‍ ആഗസ്റ്റ് ആറുവരെ ചിത്രകാരന്‍ കെ ആര്‍ ബാബുവിന്റെ നേതൃത്വത്തില്‍ തിരുവമ്പാടി തമ്പലമണ്ണയില്‍ ചിത്രപ്രദര്‍ശനവും നടക്കും. ആഗസ്റ്റ് രണ്ടിനും മൂന്നിനും പൂവാറംതോട് നിന്നും കക്കാടംപൊയിലിലേക്ക് ഓഫ് റോഡ് എക്‌സ്പഡീഷനും നടക്കും. ആഗസ്റ്റ് മൂന്നിന് പൂവാറംതോട് പട്ടം പറത്തല്‍ മത്സരവും ഉണ്ടാവും. കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, ഇന്ത്യന്‍ കയാക്കിങ് ആന്‍ഡ് കനോയിങ് അസോസിയേഷന്‍ എന്നിവയുമായി ചേര്‍ന്ന് ടൂറിസം സാധ്യതകളുടെ വികസനം ലക്ഷ്യമിട്ടാണ് കയാക്കിങ്ങ് മത്സരങ്ങള്‍ നടത്തുന്നത്.