സിനിമ വര്‍ത്തമാനം / പ്രതീഷ് ശേഖര്‍
കൊച്ചി: പ്രഖ്യാപനം മുതല്‍ ശ്രദ്ധിക്കപ്പെട്ട ധനുഷ് ചിത്രമാണ് ക്യാപ്റ്റന്‍ മില്ലര്‍. ഇപ്പോള്‍ ധനുഷ് ആരാധകര്‍ക്കായി ഏറ്റവും സന്തോഷകരമായ വാര്‍ത്തയാണ് പുറത്തുവരുന്നത്. ധനുഷിന്റെ പിറന്നാള്‍ ദിവസമായ ജൂലൈ 28 ദിവസം ആരംഭിക്കുമ്പോള്‍ തന്നെ 12.01മണിക്ക് ആരാധകരിലേക്കു ക്യാപ്റ്റന്‍ മില്ലറിന്റെ ടീസര്‍ എത്തും. അരുണ്‍ മാതേശ്വരന്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രം ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ്. സത്യജ്യോതി ബാനറില്‍ ടി ജി നാഗരാജന്‍ അവതരിപ്പിക്കുന്ന ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത് സെന്തില്‍ ത്യാഗരാജനും അര്‍ജുന്‍ ത്യാഗരാജനുമാണ്.
കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാര്‍, തെലുങ്ക് താരം സുന്ദീപ് കിഷന്‍, പ്രിയങ്കാ മോഹന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. മദന്‍ കര്‍ക്കിയാണ് സംഭാഷണം എഴുതിയിരിക്കുന്നത്. ജി.വി. പ്രകാശ് കുമാര്‍ സംഗീത സംവിധാനവും ശ്രേയാസ് കൃഷ്ണ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. ദിലീപ് സുബ്ബരായനാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. യുദ്ധക്കളത്തില്‍ ആയുധമേന്തി നിന്ന ധനുഷിന്റെ ക്യാപ്റ്റന്‍ മില്ലര്‍ ഫസ്റ്റ് ലുക്ക് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ബഹുമാനം സ്വാതന്ത്രമാണെന്ന് അര്‍ഥം വരുന്ന ‘റെസ്പക്ട് ഈസ് ഫ്രീഡം’ എന്ന ക്യാപ്ഷനോടുകൂടിയാണ് യുദ്ധ ഭൂമിയില്‍ മരണപ്പെട്ടവര്‍ക്കിടയില്‍ പടുകൂറ്റന്‍ ആയുധവുമേന്തി നില്‍ക്കുന്ന ധനുഷിന്റെ ചിത്രമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ട ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഉണ്ടായിരുന്നത്. ധനുഷിന്റെ ജന്മദിനാഘോഷങ്ങള്‍ക്കു തുടക്കം കുറിക്കാന്‍ ബിഗ് ബഡ്ജറ്റ് ആക്ഷന്‍ പീരീഡ് ഡ്രാമയായി ഒരുങ്ങുന്ന ക്യാപ്റ്റന്‍ മില്ലര്‍ ടീസര്‍ പ്രേക്ഷകര്‍ക്കിടയില്‍ തീപ്പൊരിപാറിക്കുമെന്നുറപ്പാണ്.