ഗവര്‍ണര്‍ക്കെതിരെ നിരന്തര സമരം തുടര്‍ന്നാല്‍ നവകേരള സദസ്സില്‍ ബി ജെ പി പ്രതിഷേധം മുഖ്യമന്ത്രി നേരിടേണ്ടി വരും: കെ സുരേന്ദ്രന്‍

Kerala

കോഴിക്കോട്: ഗവര്‍ണറെ നിരന്തരമായി വഴി തടയുകയും താമസിക്കുന്ന സ്ഥലത്ത് വന്ന് പേക്കൂത്ത് കാണിക്കുകയും ചെയ്യുന്ന എസ് എഫ് ഐ തെമ്മാടി കൂട്ടങ്ങളെ നിലയ്ക്കു നിര്‍ത്തിയില്ലെങ്കില്‍ മുഖ്യമന്ത്രിയും നവ കേരള സദസ്സില്‍ ഇതുപോലെയുള്ള പ്രതിഷേധം നേരിടേണ്ടി വരുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മുന്നറിയിപ്പ്.

ഗവര്‍ണര്‍ക്കെതിരെ എസ് എഫ് ഐ കാട്ടുന്നത് തെമ്മാടിത്തരമാണ്. താമസിക്കുന്ന സ്ഥലത്തെത്തി ഗവര്‍ണറെ തടയുന്ന പ്രതിഷേധനങ്ങള്‍ അവസാനിപ്പിക്കണം. എസ് എഫ് ഐ ഗവര്‍ണര്‍ക്കെതിരായ തെമ്മാടിത്തം തുടര്‍ന്നാല്‍ നവകേരള സദസ് വേദിയിലേക്ക് അടക്കം ബി ജെ പി പ്രതിഷേധം നടത്തുമെന്നും സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി.

മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഗവര്‍ണര്‍ക്കെതിരായ എസ് എഫ് ഐയുടെ പ്രതിഷേധം അരങ്ങേറുന്നത്. എസ് എഫ് ഐ ചെയ്യുന്നത് ഹൂളിഗണിസമാണെന്നും സി പി എം പ്രവര്‍ത്തകരുടെ തറവാട്ട് സ്വത്തല്ല കേരളത്തിലെ സര്‍വകലാശാലകളെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. അധിക കാലം ഈ സര്‍ക്കാരിന് ഇങ്ങനെ തുടരാന്‍ കഴിയില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.