ദുല്‍ഖറിന്റെ വേഫേറെര്‍ ഫിലിംസ് തമിഴിലേക്കും, ആദ്യ ചിത്രം ‘കാന്താ’

Cinema

സിനിമ വര്‍ത്തമാനം / പ്രതീഷ് ശേഖര്‍

കൊച്ചി: ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന പുതിയ പാന്‍ ഇന്ത്യന്‍ ചിത്രം കാന്താ പ്രഖ്യാപിച്ചു. പാന്‍ ഇന്ത്യന്‍ സിനിമയായി ഒരുങ്ങുന്ന കാന്താ സംവിധാനം ചെയ്യുന്നത് സെല്‍വമണി സെല്‍വരാജ് ആണ്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് സ്പിരിറ്റ് മീഡിയയുമായി ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മലയാളം, തമിഴ്, തെലുങ്, ഹിന്ദി ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.

കാന്തയുടെ പേര് പ്രഖ്യാപിച്ച് ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ച വരികള്‍ ഇപ്രകാരമാണ്. ‘വളരെ അപൂര്‍വ്വമായി, നമ്മളെ ദഹിപ്പിക്കുന്ന, നല്ല സിനിമയുടെ ശക്തിയെ ഓര്‍മ്മിപ്പിക്കുന്ന ഒരു കഥ നാം കണ്ടെത്തുന്നു.ഞങ്ങളെ ഒരുമിപ്പിച്ച പ്രോജക്റ്റാണ് കാന്ത, അപാരമായ കഴിവുള്ള ഈ ടീമിനൊപ്പം ഈ യാത്ര ആരംഭിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. വരാനിരിക്കുന്നതിന്റെ ഒരു ചെറിയ രുചി ഇതാ. കാന്തയുടെ ലോകത്തേക്ക് സ്വാഗതം’. ലൈഫ് ഓഫ് പൈ ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച സെല്‍വമണി സെല്‍വരാജും പാന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാനും ഒരുമിക്കുന്ന ചിത്രത്തിന് പ്രതീക്ഷകളേറെയാണ്. റാണാ ദഗുബാട്ടിയും ചിത്രത്തിന്റെ ഭാഗമാണ്. അതെ സമയം ദുല്‍ഖറിന്റെ ഓണം റിലീസായെത്തുന്ന കിംഗ് ഓഫ് കൊത്തയിലെ കലാപകാര എന്ന ഐറ്റം ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയാണ്. കാന്തായെക്കുറിച്ചുള്ള മറ്റു വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.