കെ എസ് ആര്‍ ടി സി ബജറ്റ് ടൂറിസം സെല്‍ യാത്രകള്‍ക്ക് സ്വീകാര്യതയേറുന്നു
കോഴിക്കോട്: ഒന്നല്ല, രണ്ടല്ല, ആടിയും പാടിയും കെ.എസ്.ആര്‍.ടി.സി ബസില്‍ ആഘോഷമാക്കിയത് മുന്നൂറ് യാത്രകള്‍. കുഞ്ഞുകുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ നീളും യാത്രക്കെത്തിയ വിനോദസഞ്ചാരികള്‍. വയനാടും വയലടയും മൂന്നാറും മലക്കപ്പാറയും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളെ യാത്രികര്‍ നെഞ്ചോട് ചേര്‍ത്തപ്പോള്‍ കെ.എസ്.ആര്‍.ടി.സിയുടെ ബജറ്റ് ടൂറിസം സെല്ലിന്റെ യാത്രകളെല്ലാം വന്‍ വിജയമായി.
2022 ഡിസംബര്‍ 23ന് താമരശ്ശേരി കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നാണ് കോഴിക്കോട് ജില്ലയിലെ ബജറ്റ് ടൂറിസം സെല്ലിന്റെ ആദ്യ യാത്ര ആരംഭിക്കുന്നത്. തുഷാരഗിരി, വയനാട്, വനപര്‍വ്വം എന്നീ സ്ഥലങ്ങളിലേക്കായിരുന്നു ആദ്യ യാത്ര. പിന്നീട് നെല്ലിയാംമ്പതി, മൂന്നാര്‍, മലക്കപ്പാറ, വാഗമണ്‍, കുമരകം, സൈലന്റ് വാലി, ആഡംബര കപ്പല്‍ യാത്ര എന്നിവിടങ്ങളിലേക്കെല്ലാം വിനോദ സഞ്ചാരികളുമായി കെ.എസ്.ആര്‍.ടി.സി ബസ് കുതിച്ചു.
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, വനിതകള്‍, ഭിന്നശേഷിക്കാര്‍, എയ്ഡ്‌സ് രോഗികള്‍ എന്നിവര്‍ക്കായി പ്രത്യേക ട്രിപ്പുകളാണ് ബജറ്റ് ടൂറിസം സെല്‍ ഒരുക്കിയത്. ഭിന്നശേഷിക്കാരുമായി മൂന്ന് യാത്രകള്‍ ഇതിനോടകം പോയി കഴിഞ്ഞു. വീട്ടിലൊതുങ്ങിയിരുന്നവരെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലും കപ്പലുകളിലുമൊക്കെ കൊണ്ടുപോകാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ബജറ്റ് ടൂറിസം സെല്‍ അധികൃതര്‍.
വനിതാ വാരാഘോഷത്തിന്റെ ഭാഗമായി ഏറ്റവും കൂടുതല്‍ ട്രിപ്പുകള്‍ നടത്തി സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം നേടിയതും താമരശ്ശേരി യൂണിറ്റാണ്. താമരശ്ശേരി ഡിപ്പോയില്‍ നിന്ന് മാത്രം 168 യാത്രകളാണ് ഇതുവരെ നടത്തിയത്. താമരശ്ശേരിക്ക് പുറമേ കോഴിക്കോട് ഡിപ്പോയില്‍ നിന്നാണ് ബജറ്റ് ടൂറിസം സെല്ലിന്റെ യാത്രകളുള്ളത്. തിരുവമ്പാടി, വടകര, തൊട്ടില്‍പാലം യൂണിറ്റുകളില്‍ നിന്നും വൈകാതെ ഉല്ലാസയാത്ര തുടങ്ങാനാണ് കെ.എസ്.ആര്‍.ടി.സിയുടെ തീരുമാനം.
സ്വന്തം ആടിനെ വിറ്റ പണവുമായി എത്തിയ കുന്ദമംഗലം സ്വദേശിനി മറിയകുട്ടി, 90 വയസുകഴിഞ്ഞ ദമ്പതികള്‍, കുഞ്ഞ് കുട്ടികള്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ നാനാതുറയിലുള്ളവര്‍ കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം യാത്രകള്‍ ഉപയോഗപ്പെടുത്തി. ഭക്ഷണ, താമസ സൗകര്യങ്ങള്‍ കൂടി നല്‍കുന്നതിനാല്‍ യാത്രകള്‍ക്ക് ദിനംപ്രതി സ്വീകാര്യത ഏറിവരുന്നതായി അധികൃതര്‍ പറയുന്നു.