പെണ്‍കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന മദ്യനയം പിന്‍വലിക്കണം: വിസ്ഡം ഗേള്‍സ്

Kozhikode

ആലുവയിലെ അഞ്ച് വയസുകാരി ചാന്ദ്‌നിയുടെ കൊലയാളിക്ക് വധശിക്ഷ നല്‍ണം

കോഴിക്കോട്: പെണ്‍കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന മദ്യത്തിന്റയും ലഹരിയുടെയും വ്യാപനത്തെ തടയാന്‍ അധികാരികള്‍ ബദ്ധശ്രദ്ധരാകണമെന്ന് വിസ്ഡം ഇസ്ലാമിക് ഗേള്‍സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമിതി സംഘടിപ്പിച്ച നേതൃ ശില്‍പശാല അഭിപ്രായപ്പെട്ടു.

കൊട്ടാരക്കര താലൂക് ആശുപത്രിയില്‍ ഡ്യൂട്ടിയിലായിരുന്ന ഹൗസ് സര്‍ജന്‍ ഡോ. വന്ദന ദാസ്, മാവേലിക്കരയിലെ ആറുവയസുകാരി നക്ഷത്ര, ആലുവയില്‍ അഞ്ച് വയസ്‌കാരി ചാന്ദ്‌നി എന്നിവര്‍ കൊല്ലപ്പെട്ടത് മദ്യാസക്തരായ കൊലയാളികളില്‍ നിന്നുള്ള ആക്രമണത്താലാണ്.

കുറ്റവാളികള്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുന്നതോടൊപ്പം മദ്യം ലഭ്യമാകുന്ന എല്ലാ മാര്‍ഗ്ഗങ്ങളെയും ഇല്ലാതാക്കണം. മണിപ്പൂരിലെ അക്രമങ്ങള്‍ക്ക് അറുതി വരുത്താന്‍ അധികാരികള്‍ ഇടപെടണം. അവിടെ കൊല്ലപ്പെടുന്നവരിലധികവും സ്ത്രീകളും പെണ്‍കുട്ടികളായിരുന്നിട്ടും അധികാരികള്‍ നിസംഗരാകുന്നതിനെതിരെ ശക്തമായ പ്രതിഷേധമുയരണം. അക്രമങ്ങളെ ന്യായീകരിക്കുന്ന നാസ്തികരുടെ കപട മുഖത്തെ തിരിച്ചറിയാന്‍ പുതിയ തലമുറക്ക് സാധിക്കണമെന്നും നേതൃ ശില്‍പശാല അഭിപ്രായപ്പെട്ടു.

മണിപൂരില്‍ അക്രമിക്കപ്പെട്ടവരോടു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച നേതൃസംഗമം വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് പി എന്‍ അബ്ദുല്‍ ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു. വിസ്ഡം ഗേള്‍സ് സംസ്ഥാന പ്രസിഡന്റ് നുബ്‌ല. എം അധ്യക്ഷത വഹിച്ചു. വിസ്ഡം വിമന്‍സ് പ്രസിഡണ്ട് സഹ്‌റ സുല്ലമിയ്യ, സെക്രട്ടറി ഡോ. റസീല എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

വിസ്ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഡോ. ഷഹബാസ് കെ അബ്ബാസ്, സഫ്‌വാന്‍ ബറാമി, വിസ്ഡം ബുക്‌സ് കോര്‍ഡിനേറ്റര്‍ അബ്ദുല്‍ മാലിക് സലഫി, സഫാന സലീം തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.

സെപ്റ്റംബര്‍ 8, 9, 10 തിയ്യതികളില്‍ കോഴിക്കോട് നടക്കുന്ന 27 മത് അന്താരാഷ്ട്ര പ്രൊഫഷണല്‍ വിദ്യാര്‍ത്ഥി സമ്മേളനമായ പ്രോഫ്‌കോണിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിനിധി സമ്മേളനം രൂപം നല്‍കി. വിസ്ഡം ഗേള്‍സ് സംസ്ഥാന സെക്രട്ടറി റെജുവ വി.പി. സ്വാഗതവും ഫാത്തിമ ഫഹ്മി നന്ദിയും പറഞ്ഞു.