കോലാറില്‍ നിന്നും രാജസ്ഥാനിലേക്ക് പോയ ലോറി അപ്രത്യക്ഷമായി; ലോറിയിലുണ്ടായിരുന്നത് 21 ലക്ഷത്തിന്‍റെ തക്കാളി

India

ബംഗളൂരു: തക്കാളിയുമായി കോലാറില്‍ നിന്ന് രാജസ്ഥാനിലേക്ക് പോയ ലോറി അപ്രത്യക്ഷമായതായി പരാതി. 21 ലക്ഷം രൂപയുടെ തക്കാളി കയറ്റിയ ലോറിയാണ് കാണാതായിരിക്കുന്നത്. എസ് വി ടി ട്രേഡേഴ്‌സ്, എ ജി ട്രേഡേഴ്‌സ് എന്നിവരുടെ തക്കാളിയാണ് കോലാറിലെ മെഹ്ത ട്രാന്‍സ്‌പോര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഈ ലോറിയില്‍ ഉണ്ടായിരുന്നത്.

ലോറി ഡ്രൈവറെക്കുറിച്ചോ ലോറി സംബന്ധിച്ചോ ഒരു വിവരവും ഇല്ലെന്ന് തക്കാളി കയറ്റി അയച്ചവര്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കോലാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ചൊവ്വാഴ്ചയാണ് ഡ്രൈവറും ക്ലീനറും അടങ്ങിയ സംഘം ലോറിയുമായി കോലാര്‍ വിട്ടത്. ശനിയാഴ്ച വരെ വ്യാപാരികളുമായി ഡ്രൈവര്‍ ബന്ധപ്പെട്ടിരുന്നു. ഞായറാഴ്ച രാവിലെയോടെ വാഹനത്തിലെ ജി പി എം സംവിധാനം നിലച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട വ്യാപാരികള്‍ ഡ്രൈവറെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ഫോണ്‍ ബന്ധം കിട്ടുന്നില്ല. ജി പി എസ് ഓഫാകുന്നതിന് മുമ്പുള്ള അവസാന ലൊക്കേഷന്‍ മഹാരാഷ്ട്രയിലെ നാസിക്കാണ് കാണിച്ചത്.