ബാന്‍ഡ് മേളം തീര്‍ക്കാന്‍ ഹല്ലാബോല്‍ ബാന്‍ഡ് ട്രൂപ്പ് സംഘം

Creation

കോഴിക്കോട്: ആഘോഷങ്ങളാകട്ടെ, ഉത്സവങ്ങളാകട്ടെ ….ബാന്‍ഡ് മേളം തീര്‍ക്കാന്‍ സജ്ജമായി കായക്കൊടി പഞ്ചായത്തിലെ ഹല്ലാബോല്‍ ബാന്‍ഡ് ട്രൂപ്പ് സംഘം. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് 2022-23 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് ഹല്ലാബോല്‍ ബാന്‍ഡ് സെറ്റ് ട്രൂപ്പ് ബാന്‍ഡ് മേളത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയത്. കുടുംബശ്രീ പ്രവര്‍ത്തകരായ വീട്ടമ്മമാരാണ് ബാന്‍ഡ് സെറ്റിലെ അംഗങ്ങള്‍.

യുവതികള്‍ മുതല്‍ മുതിര്‍ന്ന സ്ത്രീകള്‍ വരെ സംഘത്തിലുണ്ട്. ഏറെ നാളത്തെ കഠിന പ്രയത്‌നത്തിലൂടെയാണ് ഈ സംഘം ബാന്‍ഡ് വാദ്യം പഠിച്ചെടുത്തത്. കായക്കൊടി പഞ്ചായത്ത് കോമ്പൗണ്ടില്‍ ട്രൂപ്പിന്റെ ആദ്യ ബാന്‍ഡ് മേളവും അരങ്ങേറി. ഇനി മുതല്‍ വിവിധ ആഘോഷ പരിപാടികള്‍, ഉത്സവമേളങ്ങള്‍ തുടങ്ങിയ പരിപാടികള്‍ക്ക് ബാന്‍ഡ് മേളം തീര്‍ക്കാനുള്ള ഒരുക്കത്തിലാണ് ഹല്ലാബോല്‍ സംഘം. സാരിയും ബ്ലൗസും ധരിച്ചാണ് കുടുംബശ്രീ അംഗങ്ങളായ ഈ വീട്ടമ്മമാര്‍ ബാന്‍ഡ് മേളം നടത്തുക.

പരിശീലനം പൂര്‍ത്തിയാക്കിയ ട്രൂപ്പിന്റെ ഉദ്ഘാടനം കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടില്‍ നിര്‍വഹിച്ചു. കായക്കൊടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീജ മഞ്ചക്കണ്ടി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കായക്കൊടി പഞ്ചായത്ത് മെമ്പര്‍മാരായ അജിഷ, ഷൈമ, ശോഭ, സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍.കെ ലീല സ്വാഗതവും കായക്കൊടി സിസിഎസ് ചെയര്‍പേഴ്‌സണ്‍ കെ.പി സുമതി നന്ദിയും പറഞ്ഞു.