കോഴിക്കോട്: പാട്ടുകൂട്ടം കോഴിക്കോട് നാടന്‍ കലാ പഠന ഗവേഷണ അവതരണ സംഘം ലോക ഫോക്ലോര്‍ ദിനത്തില്‍ നല്‍കിവരുന്ന പാട്ടുകൂട്ടം വാര്‍ഷിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ബാബു പറശ്ശേരി (കലാസാഹിത്യ സമഗ്ര സംഭാവന), കുരങ്ങോട്ട് വാളാഞ്ചി (മരണാനന്തര ബഹുമതി നാട്ടുകോല്‍ക്കളി, തുടികൊട്ട് തോറ്റംപാട്ട്), അജീഷ് അത്തോളി (മാധ്യമ പ്രവര്‍ത്തനം), എം.എ. ഷഹനാസ് (യുവ പ്രസാധക എഴുത്തുകാരി) എന്നിവരാണ് പുരസ്‌കാര ജേതാക്കള്‍.
വില്‍സണ്‍ സാമുവല്‍ ചെയര്‍മാനും പാട്ടുകൂട്ടം കോഴിക്കോട് ഡയറക്ടര്‍ ഗിരീഷ് ആമ്പ്ര കണ്‍വീനറുമായ അഞ്ചംഗസമിതിയാണ് പുരസ്‌കാര ജേതാക്കളെ നിര്‍ണ്ണയിച്ചത്. പതിനായിരത്തി ഒന്ന് രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാര സമര്‍പ്പണവും ലോക ഫോക്ക്‌ലോര്‍ ദിനാചരണവും ജീവസഹായ വിതരണവും ആഗസ്റ്റ് 22ന് വൈകിട്ട് 5.30ന് കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കും. അന്നേദിവസം രാവിലെ ഒമ്പത് മണി മുതല്‍ നാടന്‍പാട്ട് മത്സരം, ‘മണ്ണടുപ്പം’ മണ്ണറിവ് ശില്പശാല തുടങ്ങി വിവിധ കലാപരിപാടികള്‍ നടക്കും. വാര്‍ത്താസമ്മേളനത്തില്‍ വില്‍സണ്‍ സാമുവല്‍, ഗിരീഷ് ആമ്പ്ര, കോട്ടക്കല്‍ ഭാസ്‌ക്കരന്‍, ടി.എം.സത്യ ജിത്ത്, ഒ.ബി. കുറുപ്പ് എന്നിവര്‍ പങ്കെടുത്തു.