അഷറഫ് ചേരാപുരം
ദുബൈ: യു എ ഇയുടെ ബഹിരാകാശ യാത്രികന്‍ സുല്‍ത്താന്‍ അല്‍ നയാദി ഓഗസ്റ്റില്‍ ഭൂമിയിലേക്ക്. തന്റെ ദൗത്യത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കയാണ് അദ്ദേഹം. ഓഗസ്റ്റ് മൂന്നിന് നയാദി ബഹികാകാശ നിലയത്തിലെത്തി ആറുമാസം പൂര്‍ത്തിയായി. ആറുമാസക്കാലം വിവിധ പര്യവേഷണങ്ങളിലും പരീക്ഷണങ്ങളിലുമായിരുന്ന അദ്ദേഹം നിരവധി തവണ വാര്‍ത്താപ്രധാന്യം നേടിയിട്ടുണ്ട്.
ഓഗസ്റ്റ് അവസാനവാരമോ സെപ്റ്റംബര്‍ ആദ്യത്തിലോ നയാദി ഭൂമിയിലേക്ക് മടങ്ങിയെത്തുമെന്നാണ് കരുതുന്നത്. തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഏറ്റവും കൂടുതല്‍ കാലം ചെലവഴിച്ച ആദ്യ അറബ് വംശജനാണ് സുല്‍ത്താന്‍ അല്‍ നയാദി. ഇക്കഴിഞ്ഞ മാര്‍ച്ച് മൂന്നിനാണ് നയാദി ബഹിരാകാശ നിലയത്തിലെത്തിയത്. നാസയിലെ മറ്റു ശാസ്ത്രജ്ഞര്‍ക്കൊപ്പമായിരുന്നു അദ്ദേഹം യാത്രയായത്. ഭൂമിയില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ബഹിരാകാശ നിലയത്തില്‍ നിന്നും തന്റെ നാട്ടുകാരോട് സംവദിച്ച് നയാദിയുടെ പരിപാടി പ്രത്യേകം ശ്രദ്ധേയമായിരുന്നു. യു എ ഇയുടെയും സൗദി അറേബ്യയുടെ മക്ക, മദീന ഉള്‍പ്പെടെ വിശുദ്ധനാടുകളുടെയും അപൂര്‍വമായ ചിത്രങ്ങല്‍ അദ്ദേഹം തന്റെ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു.
ബഹിരാകാശത്ത് ഏഴ് മണിക്കൂര്‍ നടന്നതിന്റെ റെക്കോര്‍ഡും അദ്ദേഹത്തിന്റെ പേരിലുണ്ട്. ബഹിരാകാശ നിലയത്തിന്റെ അറ്റകുറ്റ പണികള്‍, പുതിയ സൗരോര്‍ജ പാനല്‍ സ്ഥാപിക്കല്‍ തുടങ്ങിയവയാണ് ബഹിരാകാശ നടത്തത്തിലൂടെ അദ്ദേഹം പൂര്‍ത്തിയാക്കിയത്. നാസയിലെ മറ്റു ശാസ്ത്രജ്ഞര്‍ക്കൊപ്പം 200 പരീക്ഷണങ്ങളില്‍ സുല്‍ത്താന്‍നയാദി പങ്കാളിയായി.