അഷറഫ് ചേരാപുരം
ദുബൈ: എല്ലാ ധനകാര്യ സേവനങ്ങള്‍ക്കും യു എ ഇ പാസ് ഡിജിറ്റല്‍ ഐഡന്റിറ്റി നടപ്പിലാക്കുമെന്ന് യു എ ഇ ധനകാര്യ മന്ത്രാലയം. ജനങ്ങളുടെ ഡിജിറ്റല്‍ ജീവിത നിലവാരം മെച്ചപ്പെടുത്താനും പേപ്പര്‍ ഇടപാടുകള്‍ ഇല്ലാതാക്കാനും ലക്ഷ്യമിടുന്നതാണ് പദ്ധതി. രാജ്യത്തെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും വേണ്ടിയുള്ള ആദ്യത്തെ ദേശീയ ഡിജിറ്റല്‍ ഐഡന്റിറ്റി സൊല്യൂഷനാണ് യു എ ഇ പാസ്.
പ്രാദേശിക, ഫെഡറല്‍ ഗവണ്‍മെന്റുകളുടെ സേവനങ്ങളും മറ്റ് സേവനങ്ങളും ഉപയോഗപ്പെടുത്താന്‍ ഉപയോക്താക്കളെ ഇത് പ്രാപ്തരാക്കും. ഈ മാസം മുതല്‍, ധനമന്ത്രാലയം യു എ ഇ പാസ് ലോഗിന്‍ സംവിധാനം നടപ്പിലാക്കും. സുരക്ഷ, രഹസ്യസ്വഭാവം, കൃത്യത എന്നിവയ്ക്കായി ഉപയോക്തൃനാമങ്ങളും പാസ്‌വേഡുകളും ഇല്ലാതെ സേവനങ്ങള്‍ ആക്‌സസ് ചെയ്യാനും ഡോക്യുമെന്റുകളില്‍ ഡിജിറ്റലായി ഒപ്പിടാനും സേവന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാതെ ഡാറ്റ കൃത്യത പരിശോധിക്കാനും ഈ സംവിധാനം സഹായിക്കും.
യു എ ഇ പാസ്, വിവിധ വെബ്‌സൈറ്റുകള്‍ക്കും ആപ്ലിക്കേഷനുകള്‍ക്കും യു എ ഇയിലുടനീളമുള്ള സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും സുരക്ഷിതമായ ലോഗിന്‍ സംവിധാനം നല്‍കും. കൂടാതെ പ്രാദേശിക, ഫെഡറല്‍ ഗവണ്‍മെന്റുകളിലും സ്വകാര്യ മേഖലയിലുമായി 130ലധികം സംവിധാനങ്ങളുടെ 6,000ത്തിലധികം സേവനങ്ങളാണ് ഇത്തരത്തില്‍ ലഭ്യമാവുക.