മഹാരാഷ്ട്രാ കത്ത് / ഡോ കൈപ്പാറേടന്‍
ആത്മാഭിമാനം പണയം വയ്ക്കാനാകില്ലെന്ന പ്രഖ്യാപനത്തോടെ കോടതി മുറിക്കുള്ളില്‍വച്ച് മഹാരാഷ്ട്രാ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് രോഹിത് ദേവ് നാടകീയമായി രാജി പ്രഖ്യാപിച്ചു.
”കോടതിക്കുള്ളിലുള്ള എല്ലാവരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു. നിങ്ങള്‍ നന്നാകണമെന്നുള്ള ആഗ്രഹത്തോടെയാണ് ഞാന്‍ ഇതുവരെ ശകാരിച്ചിട്ടുള്ളതും വഴക്കു പറഞ്ഞതും. നിങ്ങളെ മുറിപ്പെടുത്തണമെന്ന് എനിക്ക് ആഗ്രഹമില്ല. കാരണം, നിങ്ങളെല്ലാം എനിക്ക് സ്വന്തം കുടുംബാംഗങ്ങളെപ്പോലെയാണ്. ഞാന്‍ ജഡ്ജി സ്ഥാനം രാജിവച്ച കാര്യം നിങ്ങളെ അറിയിക്കുന്നു. ആത്മാഭിമാനം പണയപ്പെടുത്തി ജോലി ചെയ്യാന്‍ എനിക്കാകില്ല. നിങ്ങള്‍ എന്നോടൊപ്പം തീര്‍ച്ചയായും കഠിനാധ്വാനം ചെയ്തു. എല്ലാവര്‍ക്കും നന്ദി’ ജസ്റ്റിസ് രോഹിത് ദേവ് പറഞ്ഞു.
ഈ സമയത്ത് കോടതി മുറിക്കുള്ളിലുണ്ടായിരുന്ന അഭിഭാഷകനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം വികാരനിര്‍ഭരമായി റിപ്പോര്‍ട്ട് ചെയ്തത്.
2017 ല്‍ ഹൈക്കോടതി ജഡ്ജിയായി നിയമിതനായ രോഹിത് ദേവിന് റിട്ടയര്‍ ചെയ്യാന്‍ 2025 ഡിസംബര്‍ വരെ കാലാവധിയുണ്ടായിരുന്നു. പ്രഗത്ഭനായ അഭിഭാഷകന്‍ എന്നു പേരെടുത്ത ഇദ്ദേഹം മുമ്പ് മഹാരാഷ്ട്രയില്‍ അഡ്വക്കേറ്റ് ജനറല്‍ ആയിരുന്നു.
എക്‌സ്പ്രസ് വേ നിര്‍മാണ കരാറുകാര്‍ അനധികൃത ഖനനം നടത്തുന്നത് സംസ്ഥാനത്തു വലിയ വിവാദമായിരുന്നു. ഇത്തരം കേസുകളിലെ ശിക്ഷ ഇളവു ചെയ്യാനോ വേണ്ടി വന്നാല്‍ റദ്ദാക്കാനോ സംസ്ഥാന സര്‍ക്കാരിന് അധികാരം നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം ഇക്കഴിഞ്ഞ ജൂലൈ 26ന് അദ്ദേഹം റദ്ദാക്കി.
അതോടെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് അദേഹം കണ്ണിലെ കരടായി. ഭരണ രംഗത്ത് വലിയ സ്വാധീനമുളള വന്‍കിട കോണ്‍ട്രാക്ടര്‍മാരുടെ സംഘടന പ്രകോപിതരായി. രോഹിത് ദേവിന്റെ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലപേക്ഷയിപ്പോള്‍ സൂപ്രീം കോടതിയുടെ പരിഗണനയിലാണ്.
മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രഫസര്‍ ജി എന്‍ സായിബാബയ്ക്ക് കീഴ്‌ക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കിയ ജസ്റ്റിസ് രോഹിത് ദേവ്, അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു.
എന്നാല്‍ ഈ വിധി സ്‌റ്റേ ചെയ്ത സുപ്രീം കോടതി, നാഗ്പുരിലെ മറ്റൊരു ബെഞ്ച് കേസ് പരിഗണിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി. ഇതും ജസ്റ്റിസ് രോഹിത് ദേവിനെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു എന്നു വേണം കരുതാന്‍.