ഇന്ത്യയിലും എച്ച് എം പി വി വൈറസ്; റിപ്പോര്‍ട്ട് ചെയ്തത് ബംഗളൂരുവിലും ഗുജറാത്തിലും

India

ബംഗളുരു: ഇന്ത്യയിലും എച്ച് എം പി വി വൈറസ് കേസ് റിപ്പോര്‍ട്ട് ചെയ്തു. ബംഗളൂരുവിലും ഗുജറാത്തിലുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഗുജറാത്തില്‍ അഹമ്മദാബാദിലാണ് രണ്ട് മാസം പ്രായമുള്ള കുഞ്ഞിന് എച്ച്എംപിവി സ്ഥിരീകരിച്ചത്. പനിയും ജലദോഷവും ഉണ്ടായതിനെ തുടര്‍ന്ന് അഹമ്മദാബാദ് ചന്ദഖേഡയിലെ സ്വകാര്യ ആശുപത്രിയില്‍ രണ്ടു ദിവസം മുമ്പാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പ്രാഥമിക പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.

നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്നാണ് ആശുപത്രി നല്‍കുന്ന വിവരം. മാതാപിതാക്കള്‍ നിരീക്ഷണത്തിലാണ്. വിദേശ യാത്രകള്‍ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. സംസ്ഥാന സര്‍ക്കാര്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്കി. മാസ്‌ക് അടക്കമുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കാനാണ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നേരത്തെ ചൈനയില്‍ ഹ്യൂമണ്‍ മെറ്റാ ന്യൂമോവൈറസ് രോഗബാധ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ബംഗളൂരുവില്‍ രണ്ട് കുഞ്ഞുങ്ങള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ബംഗളുരു യെലഹങ്കയിലെ ആശുപത്രിയില്‍ ബാപ്റ്റിസ്റ്റ് ആശുപത്രിയില്‍ ചികിത്സ തേടിയ എട്ടും മൂന്നും മാസം പ്രായമുള്ള ആണ്‍കുഞ്ഞിനും പെണ്‍കുഞ്ഞിനുമാണ് രോഗബാധ കണ്ടെത്തിയത്. രണ്ട് കുഞ്ഞുങ്ങള്‍ക്കും യാത്രാപശ്ചാത്തലമില്ലാത്തതിനാല്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള രോഗബാധയല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഐസിഎംആര്‍ അറിയിച്ചിട്ടുണ്ട്.

എച്ച് എം പി വി 2001ല്‍ കണ്ടെത്തിയ വൈറസാണെങ്കിലും പ്രത്യേക പരിശോധനകള്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നടക്കാറുണ്ടായിരുന്നില്ല. സാധാരണ ജലദോഷപ്പനിയുടെ ലക്ഷണങ്ങള്‍ കാണിക്കുന്ന ഈ വൈറസ് അപൂര്‍വം കേസുകളില്‍ മാത്രമാണ് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നത്. എന്നാല്‍, ചൈനയില്‍ രോഗബാധ പൊട്ടിപ്പുറപ്പെട്ടതോടെയാണ് ഇന്ത്യയടക്കമുള്ള മറ്റ് രാജ്യങ്ങളിലും പരിശോധനകള്‍ ശക്തമാക്കിയത്. ചൈനയിലെ രോഗബാധയുടെ വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് ലോകാരോഗ്യസംഘടന മറ്റ് രാജ്യങ്ങള്‍ക്കും നല്‍കുന്നുണ്ട്. അതിനാല്‍ സ്ഥിതി സമഗ്രമായി വിലയിരുത്തി മുന്നോട്ട് പോകുമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയവും അറിയിക്കുന്നു.