ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇനി മുതല്‍ ആര്‍ എസ് എസ്സുകാരായി പ്രവര്‍ത്തിക്കാം. ആര്‍ എസ് എസ്സില്‍ പ്രവര്‍ത്തിക്കുന്നതിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്കാണ് കേന്ദ്രസര്‍ക്കാര്‍ നീക്കിയത്. ഉത്തരവിന്റെ പകര്‍പ്പ് ബി ജെ പി ഐ ടി സെല്‍ മേധാവി അമിത് മാളവ്യ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ചു. 58 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 1966ല്‍ പുറത്തിങ്ങിയ ഒരു ഭരണഘനാ വിരുദ്ധമായ ഉത്തരവ് നരേന്ദ്രമോദി സര്‍ക്കാര്‍ പിന്‍വലിക്കുന്നു എന്നാണ് അദ്ദേഹം എക്‌സില്‍ കുറിച്ചത്.
ആര്‍ എസ് എസിനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് മോദി സര്‍ക്കാറിന്റെ നീക്കം. തിങ്കളാഴ്ചയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. ദീര്‍ഘകാലമായി ഉണ്ടായിരുന്ന വിലക്ക് നീക്കിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. ആര്‍ എസ് എസും ബി ജെ പിക്കും ഇടയിലെ പ്രശ്‌നങ്ങള്‍ അതിരൂക്ഷമാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. കേരളത്തില്‍ ബി ജെ പിയിലേക്ക് നിയോഗിച്ച സംഘടനാ ജനറല്‍ സെക്രട്ടറിയെ ആര്‍ എസ് എസ് മാറ്റുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ആര്‍ എസ് എസിനെ പ്രീണിപ്പിക്കുന്ന ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്.
പാര്‍ലമെന്റില്‍ 1966ലുണ്ടായ ഗോവധ വിരുദ്ധ പ്രതിഷേധത്തിന്റെ ഭാഗമായാണ് വിലക്ക് വന്നത്. ഉത്തരവോടുകൂടി ഇ ഡി, സി ബി ഐ, ഐ ടി എന്നിവയിലെ ഉദ്യോഗസ്ഥര്‍ക്കും മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സംഘിയാണെന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കാം. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മോദിയെ തന്നെ പരോക്ഷമായി വിമര്‍ശിച്ച് ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭാഗവത് രംഗത്ത് വന്നിരുന്നു. ദൈവമാകാനാണ് ചിലരുടെ ശ്രമമെന്ന തരത്തിലായിരുന്നു ഭാഗവതിന്റെ പ്രസ്താവന. ഇതിനെ മോദിക്കെതിരായ വിമര്‍ശനമായി വിലയിരുത്തി. ഇതിനൊപ്പമാണ് കേരളത്തില്‍ സംഘടനാ ജനറല്‍ സെക്രട്ടറിയെ ആര്‍ എസ് എസ് പിന്‍വലിച്ചത്. തുടര്‍ന്നാണ് അനുനയ നീക്കവുമായി മോദി രംഗത്തെത്തിയത്.
മോദി ഏകപക്ഷീയ ഭരണം നടത്തുന്നുവെന്ന തോന്നല്‍ പരിവാറുകാര്‍ക്കുണ്ട്. യു പിയില്‍ യോഗി ആദിത്യനാഥിനെ വെട്ടാന്‍ ബി ജെ പിയിലെ പ്രബല വിഭാഗം ശ്രമിക്കുന്നതും ചര്‍ച്ചകളിലുണ്ട്. ആര്‍ എസ് എസ് സഹായം ഇല്ലെങ്കിലും ബി ജെ പിക്ക് മുന്നേറാനാകുമെന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയും പ്രതികരിച്ചിരുന്നു. ഇതെല്ലാം ആര്‍ എസ് എസ് ഗൗരവത്തിലെടുത്തു. തിരഞ്ഞെടുപ്പ് കാലത്തെ നദ്ദയുടെ പ്രസ്താവന ബി ജെ പിക്ക് ദോഷമായെന്നും പരിവാര്‍ ശക്തി കേന്ദ്രങ്ങളില്‍ വോട്ടു കുറച്ചത് ഈ പ്രസ്താവനയാണെന്നും വിലയിരുത്തലുകള്‍ എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ആര്‍ എസ് എസിന് അനുകൂലമായുള്ള മോദി സര്‍ക്കാരിന്റെ തീരുമാനം.